കല്ലുപ്പിനു മുകളില്‍ തൊഴുകൈകളോടെ ഒറ്റക്കാലില്‍നിന്ന് പ്രതിഷേധം; റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ എട്ടു ദിവസം ശേഷിക്കെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍

Update: 2025-04-12 11:52 GMT

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ എട്ടു ദിവസം മാത്രം ശേഷിക്കെ ശക്തമായ പ്രതിഷേധം തുടര്‍ന്ന് വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരിന്റെ കാരുണ്യത്തിനായി കല്ലുപ്പിനു മുകളില്‍ ഒറ്റക്കാലില്‍ നിന്നാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്.

സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു തൊഴുകൈകളോടെ ഒറ്റക്കാലില്‍ വേറിട്ട പ്രതിഷേധം. അവസാനദിവസം വരെ പോരാടുമെന്നും കഷ്ടപ്പെട്ടാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ലിസ്റ്റില്‍നിന്നുള്ള നിയമനം തങ്ങളുടെ അവകാശമാണെന്നും അതാണ് ചോദിക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു.

പട്ടികയില്‍നിന്ന് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലിരുന്ന് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികള്‍ ഭിക്ഷ യാചിച്ചു സമരം ചെയ്തിരുന്നു. പഠിച്ചതും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതുമെല്ലാം തങ്ങളുടെ കുറ്റമാണെന്ന് ഏറ്റുപറഞ്ഞ് ഏത്തമിട്ട ഉദ്യോഗാര്‍ഥികളാണ് ഭിക്ഷാപാത്രവുമായി അധികൃതരോട് യാചിച്ചത്. 19 നാണ് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്.

Similar News