വീട്ടിലെ ശുചിമുറിയില്‍ മുഖം കഴുകിക്കൊണ്ട് നിന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം; ബഹളം വച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടു; പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

Update: 2025-04-15 15:59 GMT

തിരുവല്ല: യുവതിയുടെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയില്‍ മുഖം കഴുകി കൊണ്ടിരുന്ന യുവതിയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിലായത്. കുറ്റൂര്‍ വെസ്റ്റ് ഓതറ തൈമറവുങ്കര പാലത്തിങ്കല്‍ വീട്ടില്‍ പി.ഐ.ബെന്നി (40) യാണ് അറസ്റ്റിലായത്. തൈമറവുങ്കര കണ്ടത്തില്‍ വീട്ടില്‍ കെ.എസ് ആര്യയുടെ കഴുത്തില്‍ കിടന്ന മാലയാണ് മോഷ്ടാവ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. യുവതി നിലവിളിച്ച് ബഹളമുണ്ടാക്കിയതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയും ചെയ്തു. രാത്രി 9 15ന് വീടിനു സമീപത്തുനിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ അപഹരിക്കാന്‍ ശ്രമിച്ച മാല യുവതി സ്റ്റേഷനില്‍ ഹാജരാക്കി. തുടര്‍നടപടികള്‍ക്ക് ശേഷം ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ സുരേന്ദ്രന്‍ പിള്ള, എസ് സി പി ഓ സുശീല്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി മോഷ്ടാവിനെ ഉടനടി പിടികൂടിയത്.

Similar News