അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവര്‍ക്കുമെതിരെ നടപടി; 54000 രൂപ വീതം പിഴ അടക്കാന്‍ കോടതിവിധി

അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവര്‍ക്കുമെതിരെ നടപടി

Update: 2025-04-16 12:52 GMT

കൊച്ചി: അമിതഭാരം കയറ്റിയ വാഹനത്തിന്റെ ഉടമസ്ഥനും ഡ്രൈവര്‍ക്കുമെതിരെ നടപടി. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എറണാകുളം ഓഫീസില്‍ നിന്നും നല്‍കിയ കേസില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷണല്‍ മജിസ്‌ട്രേറ്റ് (സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ എംപി/എംഎല്‍എ) മേരി ബിന്ദു ഫെര്‍ണാണ്ടസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴയിട്ടത്. 54000 രൂപ വീതം പിഴ അടക്കാനാണ് കോടതിവിധി

2021 ഫെബ്രുവരി 22ാം തീയതിയാണ് അമിതഭാരം കയറ്റിയ ടിപ്പര്‍ ടോറസ് വാഹനം പിടികൂടിയത്. എറണാകുളം ആര്‍ടിഒ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ ശ്രീകാന്ത് എം.ബി. കാലടിയില്‍ പരിശോധനയ്ക്കിടെയാണ് വാഹനം പിടികൂടിയത്. 35 ടണ്‍ മാത്രം അനുവദിച്ചിട്ടുള്ള വാഹനത്തില്‍ 52490 കിലോ ഭാരം കയറ്റിയെന്ന് കണ്ടെത്തിയിരുന്നു. 17 ടണ്‍ അമിത ഭാരത്തിന് 35500/ രൂപ കോമ്പൗണ്ട് ചെയ്യാന്‍ ഇചെല്ലാന്‍ നല്‍കിയത്. എന്നാല്‍ വാഹന ഉടമയും ഡ്രൈവറും കോമ്പൗണ്ട് ചെയ്യാന്‍ തയ്യാറല്ലാത്തതിനാല്‍ ആര്‍ടിഒ യുടെ നിര്‍ദ്ദേശപ്രകാരം എഎംവിഐ ആയ ജോബിന്‍ എം ജേക്കബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ വാഹന ഉടമയായ പട്ടിമറ്റം സ്വദേശി ബെന്നി ടി.യു. ഡ്രൈവര്‍ ഇടുക്കി മഞ്ഞപ്പാറ സ്വദേശി പ്രിന്‍സ് ജോസഫ് എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചാല്‍ കേസ് വിചാരണയിലേക്ക് നീണ്ടു. 7 സാക്ഷികളെയും 12 അനുബന്ധ രേഖകളും ആണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. കോടതി വിധി പ്രകാരം 108000/ പിഴ കോടതിയില്‍ അടക്കണം. പിഴ അടക്കാത്ത പക്ഷം ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കോടതിയില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി ബേബി ഹാജരായി.

2019 ലെ ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമ പ്രകാരം അമിത ഭാരം കയറ്റിയ വാഹനത്തിന്റെ ഡ്രൈവറും ഉടമയും 20000 രൂപയും അത് കൂടാതെ ഓരോ ടണ്‍ അമിതഭാരത്തിനും 2000/ രൂപയും ചേര്‍ത്ത് പിഴ അടക്കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയ അധികാരം ഉപയോഗിച്ച് അമിതഭാരം കയറ്റിയ വാഹനത്തിനു കൊമ്പൌണ്ടിഗ് ഫീ ആയി 10000 രൂപയും അതോടൊപ്പം ഓരോ ടണിനും 1500 രൂപയും ചേര്‍ത്ത തുക ആയി കുറച്ചിട്ടുണ്ട്. കോടതി ഉത്തരവ് വരാത്ത കേസുകളില്‍ വാഹന ഉടമയോ ഡ്രൈവറോ മോട്ടോര്‍ വാഹന വകുപ്പില്‍ കോമ്പൗണ്ട് ചെയ്ത് തീര്‍പ്പാക്കാന്‍ സാധിക്കും.

കോമ്പൗണ്ടിംഗ് ഫീ അടച്ച് തീര്‍പ്പാക്കാത്ത എല്ലാ കേസുകളും കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സില്‍ അയോഗ്യത കല്‍പ്പിക്കുന്ന നടപടികള്‍, വാഹനത്തിന്റെ പെര്‍മിറ്റില്‍ നടപടി എടുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ എന്നിവ നടന്നു വരുന്നതായി ആര്‍ടിഒ മനോജ് കെ അറിയിച്ചു.

നിലവില്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നടക്കുന്ന കേസുകളില്‍ എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി നടത്തുന്ന വാരാന്ത്യ അദാലത്ത് പ്രയോജനപ്പെടുത്തുകയോ അല്ലെങ്കില്‍ വാഹന ഉടമ ഡ്രൈവര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ കോമ്പൗണ്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.

Similar News