കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി; നല്ല രീതിയില്‍ നടന്നിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം പൂട്ടി; നാണക്കേടും മാനക്കേടും മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം നടത്തി യുവതി

ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം

Update: 2025-04-17 00:13 GMT

കടുത്തുരുത്തി: അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് കുറ്റസമ്മതം നടത്തി വിദ്യാര്‍ത്ഥിനി. കോടതിയിലെത്തി പെണ്‍കുട്ടി കേസ് പിന്‍വലിച്ചു. അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജയായിരുന്നെന്ന് ഏഴു വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനി കുറ്റസമ്മതം നടത്തുക ആയിരുന്നു. കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനാണ് പഠിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതിയില്‍ കുടുങ്ങിയത്.

2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു ജോമോനെതിരെ പീഡന പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി. പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന്‍ പറയുന്നു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. താന്‍ ആത്മഹത്യയ്ക്കുപോലും മുതിര്‍ന്നിരുന്നതായി ഇദ്ദേഹം പറയുന്നു.

പരാതിക്കാരി ഈയിടെയാണു ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്നു ഭര്‍ത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, ജോമോന്‍ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയില്‍ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നു ജോമോന്‍ പറഞ്ഞു.

Tags:    

Similar News