ആശാ വര്‍ക്കര്‍മാര്‍ക്ക് നൂറു രൂപയെങ്കിലും കൂട്ടണം; മുനമ്പത്തെ ജനങ്ങള്‍ക്ക് പ്രത്യാശ വേണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍
കോട്ടയം: ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മുനമ്പവും ആശാ സമരവും പരാമര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കേരളത്തില്‍ മതസ്പര്‍ധയുണ്ടാകാനുള്ള സാഹചര്യമുണ്ടാകുന്നുണ്ട് എന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് പ്രത്യാശയുണ്ടാകണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
''ആശാവര്‍ക്കര്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ വീട്ടമ്മമാരാണ്. അവരുടെ ജീവിതത്തിനായി ചുരുങ്ങിയ ഒരു തുകയെങ്കിലും നല്‍കണം. ഒരു ദിവസം 230 രൂപ കൊണ്ട് അവര്‍ക്ക് ജീവിക്കാനാകില്ല. അതില്‍ 100 രൂപയെങ്കിലും കൂട്ടിക്കിട്ടണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പക്ഷേ, അതിനെതിരെ മുഖംതിരിക്കുന്ന നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കണം. മുനമ്പം പ്രദേശത്ത്, സൗഹാര്‍ദമായി ജീവിക്കുന്ന മതങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്. അവര്‍ക്ക് പ്രത്യാശയുണ്ടാകണം.''കാതോലിക്കാ ബാവ പറഞ്ഞു.