സനാതന ധര്‍മ്മമാണ് ഭാരതത്തിന്റെ ദേശീയത; സനാതനധര്‍മ്മ പാരമ്പര്യത്തിലെ ജീര്‍ണതകളെ ഉപേക്ഷിക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം

Update: 2025-04-20 07:01 GMT

ചെങ്ങന്നൂര്‍: സനാതനധര്‍മ്മ പാരമ്പര്യത്തിലെ ജീര്‍ണതകളെ ഉപേക്ഷിക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന ദക്ഷിണ മേഖലാ പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മമാണ് ഭാരതത്തിന്റെ ദേശീയതയെന്ന് മഹര്‍ഷി അരവിന്ദന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ഏത് സനാതന ധര്‍മ്മമാണെന്ന് നാം തിരിച്ചറിയണം. കാലം ഏല്‍പിച്ച ജീര്‍ണ്ണതകളുടെ മാറാപ്പുകള്‍ സനാതന ധര്‍മ്മ വിശ്വാസികള്‍ ഉപേക്ഷിക്കണമെന്ന് മഹര്‍ഷി അരവിന്ദന്‍ പറയുന്നു.

ഹിന്ദുമതം ഒരു പ്രസ്ഥാനമാണ്, ഒരു നിലപാടല്ല. ഒരു പ്രക്രിയയാണ്, വളരുന്ന പാരമ്പര്യമാണ് എന്നെല്ലാം ഡോ. എസ്. രാധകൃഷ്ണന്‍പറഞ്ഞിട്ടുണ്ട്. കാലാനുസൃതം നവീകരിച്ചാണ് ഹിന്ദു ജീവിത രീതി നിലനിന്നത്. സനാതനികള്‍ എന്നവകാശപ്പെട്ടാണ് രാജാറാം മോഹന്‍ റായിക്കെതിരെ ദക്ഷിണ ഭാരതത്തിലെ യാസ്ഥിതികരായ ബ്രാഹ്‌മണര്‍ എതിര്‍പ്പ് ഉയര്‍ത്തിയത്. സ്വാമി ദയാനന്ദ സരസ്വതിയെ എതിര്‍ത്തവരും സ്വയം അവകാശപ്പെട്ടത് അവര്‍ സനാതനികളാണെന്നു പറഞ്ഞാണ്.

സനാതനധര്‍മ്മത്തെ ചരിത്ര കാലത്ത് നവീകരിച്ചവരില്‍ പ്രധാനി ശങ്കരാചാര്യ സ്വാമികളാണ്. അദ്ദേഹം ഉപനിഷത്തുകളെ വ്യാഖ്യാനിച്ച് മുഴുവന്‍ സൃഷ്ടിയും സാരംശത്തില്‍ ഏകവും അഖണ്ഡവുമാണെന്നു സ്ഥാപിച്ചു. ജീവാത്മാവും പരമാത്മാവും അഭിന്നമാണെന്ന് ലോകത്തെ പഠിപ്പിച്ചു. ആധുനികരായ ചട്ടമ്പിസ്വാമിയും നാരായണ ഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം ഈ ഏകാത്മദര്‍ശനത്തിന്റെ ഉപാസകരായിരുന്നു. മനുഷ്യന് ഭൗതികവും ഭൗതികേതരവുമായ അസ്തിത്വം ഉണ്ടെന്ന അതേ ആശയത്തെ പിന്തുടര്‍ന്നാണ് ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മമാനവദര്‍ശനം എന്ന ആശയം മുന്നോട്ടുവച്ചത്.

ഹിന്ദു സമൂഹത്തില്‍ പ്രതീക്ഷ തീരെ മാഞ്ഞ കാലത്താണ് പ്രഭാവശാലികളായ മുഗളരെ വെല്ലുവിളിച്ച് ശിവാജി ഉയര്‍ന്നുവന്നത്. ശൂന്യതയില്‍ നിന്ന് മഹാരാഷ്ട്രത്തിലെ പൂനെ മുതല്‍ ദക്ഷിണഭാരതത്തിലെ വില്ലുപുരം വരെ വ്യാപിച്ച ഒരു വിശല ഹിന്ദു സ്വരാജ്യംഅദ്ദേഹത്താല്‍ സ്ഥാപിതമായി. സ്വാതന്ത്ര്യ സമര കാലത്ത് തിലകനാണ് ശിവാജിയുടെ ചൈതന്യത്തെ വീണ്ടും ജനഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ചത്. ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗെവാറിന്റെ ആദര്‍ശ മൂര്‍ത്തി ശിവാജിയായിരുന്നു എന്നതും അര്‍ത്ഥവത്താണ്, സഞ്ജയന്‍ പറഞ്ഞു.

Tags:    

Similar News