ദിവസ വാടകയ്ക്ക് എടുക്കുന്ന പിക്കപ്പ് വാനില്‍ പകല്‍ കറക്കം; കടകള്‍ നോക്കി വച്ച ശേഷം രാത്രിയിലെത്തി മോഷണം; പന്തളത്ത് പിടിയിലായത് രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍

പന്തളത്ത് പിടിയിലായത് രണ്ട് അന്തര്‍ ജില്ലാ മോഷ്ടാക്കള്‍

Update: 2025-11-10 15:46 GMT

പന്തളം: രണ്ടു മാസത്തിലേറെയായി വിവിധ ജില്ലകളില്‍ മോഷണവും കവര്‍ച്ചയും പതിവാക്കിയ സംഘം പോലീസിന്റെ പിടിയിലായി. തൃശൂര്‍ പുതുക്കാട് ചിറ്റിലശേരി നെന്മണിക്കരയില്‍ കൊട്ടേക്കാട്ട് വീട്ടില്‍ രതീഷ് കുമാര്‍ (36), കോട്ടയം കിളിരൂര്‍ അട്ടിയില്‍ വീട്ടില്‍ ഷാജിദ് മകന്‍ നെജിംഷാ (28)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന് പന്തളത്ത് ദന്തല്‍ ഹോസ്പിറ്റല്‍, ബേക്കറികള്‍, തുണിക്കടകള്‍ അടക്കം നിരവധി സ്ഥാപനങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്. പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയില്‍ നിന്നും 40,000 രൂപയാണ് മോഷ്ടിച്ചത്.

ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. പ്രതികള്‍ എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ പോലീസ് അവിടെയെത്തി. കളമശ്ശേരിയില്‍ മോഷണത്തിനായിപ്രതികള്‍ തയാറെടുക്കുന്നതിനിടെയാണ് പന്തളം പോലീസിന്റെ മുന്നില്‍പ്പെട്ടത്. പോലീസ് ജീപ്പ് കുറുകെയിട്ട് സാഹസികമായിട്ടാണ് ഇവരെ പിടികൂടിയത്.

രതീഷ്‌കുമാറിന് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഒല്ലൂര്‍, പുതുക്കാട്, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആലപ്പുഴ ജില്ലയിലെ രാമങ്കരി എന്നിവിടങ്ങളില്‍ മോഷണ കേസ് നിലവിലുണ്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ തൃശ്ശൂര്‍ എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്.

കടയ്ക്കല്‍ സ്വദേശിയില്‍ നിന്നും 400 രൂപ ദിവസ വാടകയ്ക്ക് എടുത്ത പിക്കപ്പ് വാഹനത്തില്‍ പകല്‍ കറങ്ങി നടന്ന് വ്യാപാരസ്ഥാപനങ്ങള്‍ കണ്ടുവയ്ക്കുകയും രാത്രി വന്ന് പൂട്ട് തകര്‍ത്ത് മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ അനീഷ് എബ്രഹാം, എ.എസ്. ഐ ആര്‍.സി. രാജേഷ്, പോലീസ് ഉദ്യോഗസ്ഥരായ ടി.എസ്. അനീഷ്്, എസ്. അന്‍വര്‍ഷ, രഞ്ജിത്ത്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് സാഹസിക നീക്കത്തിലൂടെ പ്രതികളെ പിടികൂടിയത്. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News