ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ അറസ്റ്റില്‍; ഒരു മാസത്തിനിടെ മോഷ്ടിച്ച് കടത്തിയത് നാല് ബൈക്കുകള്‍: വാഹനം കടത്തിയത് രൂപമാറ്റം വരുത്തി

ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ അറസ്റ്റില്‍

Update: 2026-03-09 00:39 GMT

കോഴിക്കോട്: ഫറോക്കില്‍ ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് വ്യാപാരഭവന്‍ പരിസരത്തു നിന്നു മോഷണം പോയിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. അന്വേഷണത്തില്‍ കുട്ടികള്‍ ഒരുമാസത്തിനിടെ നാല് ബൈക്കുകള്‍ മോഷ്ടിച്ചു കടത്തിയതായി തെളിഞ്ഞു. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു.

മോഷ്ടിക്കുന്ന വാഹനങ്ങള്‍ 4000 മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ഇവര്‍ വിറ്റിരുന്നത്. വാഹന ഉടമ കണ്ടാല്‍ തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മാറ്റി സ്‌പ്രേ പെയ്ന്റ് അടിച്ച് രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോകുന്നത്. പിടിയിലായാല്‍ പോലും കേസ് ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയും ബൈക്കുകളോടുള്ള ഭ്രമവുമാണ് ഇരുവരേയും ബൈക്ക് മോഷണത്തിനു പ്രേരിപ്പിച്ചത്.

തുടര്‍ച്ചയായി ബൈക്കുകള്‍ മോഷണം പോകുന്നതായി പരാതി ഉയര്‍ന്നതോടെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രേംജിത്തിന്റെ നിര്‍ദേശ പ്രകാരം ക്രൈംസ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച് കുട്ടികള്‍ പിടിയിലായത്. സിസിടിവികള്‍ പരിശോധിച്ചും വാഹന മോഷണക്കേസുകളില്‍ സമീപ കാലത്ത് ജയിലില്‍ ആയവരെയും ജയിലില്‍ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം.

ഇതിനിടെ പ്രദേശത്തെ സ്‌കൂള്‍ സെന്റ് ഓഫ് പരിപാടിക്ക് കുട്ടികള്‍ ബൈക്കുമായി വന്നതായി വിവരം ലഭിച്ചു. രഹസ്യമായി നിരീക്ഷിക്കുന്നതിനിടെ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച കുട്ടികളെ എസ്‌ഐ ടി.എം.സാജിനിയുടെ നേതൃത്വത്തില്‍ പിടികൂടി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫറോക്ക്, കല്ലായി റെയില്‍വേ സ്റ്റേഷന്‍, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുമായി ഒരു മാസത്തിനുള്ളില്‍ ഇരുവരും നാലു ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News