ശബരിമല സന്നിധാനത്തെ കറവപ്പശുവിന്റെ കാല്‍ക്കുഴയില്‍ പൊട്ടല്‍; പ്ലാസ്റ്റര്‍ ഇട്ടു ചികില്‍സ നല്‍കി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം
ശബരിമല സന്നിധാനത്തെ കറവപ്പശുവിന്റെ കാല്‍ക്കുഴയില്‍ പൊട്ടല്‍
ശബരിമല: സന്നിധാനത്ത് കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ കറവപ്പശുവിന് ചികില്‍സ ലഭ്യമാക്കി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം. സന്നിധാനം ഗോശാലയിലുള്ള ഏഴു വയസ് പ്രായമുള്ള കറവപ്പശുവിനാണ് കാല്‍ക്കുഴയിലെ പൊട്ടലിന് പ്ലാസ്റ്റര്‍ ഇട്ടത്. രണ്ടു ദിവസം മുന്‍പ് ശബരീപീഠത്തിനു സമീപം വച്ചാണ് പശുവിന് പരുക്ക് പറ്റിയത്.
പശു മുടന്തി നടന്ന് തിരികെ എത്തിയപ്പോഴാണ് പരുക്ക് ഗോശാലയിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി ആനന്ദ് ശ്രദ്ധിച്ചത്. പ്രഥമശുശ്രൂഷയും വേദന സംഹാരികളും നല്‍കിയെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ദിലീപിന്റെ നിര്‍ദേശപ്രകാരം റാന്നി പെരുനാട് മൃഗാശുപത്രിയില്‍ വിവരം അറിയിച്ചു.
ശനിയാഴ്ച രാവിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അജിത്, പത്തനംതിട്ട മൊബൈല്‍ സര്‍ജിക്കല്‍ യൂണിറ്റിലെ ഡോ. ജോര്‍ജ് മാത്യു, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ രാഹുല്‍, ഡ്രൈവര്‍ സുധി എന്നിവരടങ്ങുന്ന സംഘം സന്നിധാനത്തെത്തി നടത്തിയ പരിശോധനയില്‍ പശുവിന്റെ വലത്തേ പിന്‍കാലിലെ മെറ്റാടാര്‍സല്‍ അസ്ഥിയുടെ സാള്‍ട്ടര്‍ ഹാരിസ് ഫ്രാക്ചര്‍ എന്ന ഒടിവാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. മൂന്നാഴ്ചക്കു ശേഷം പ്ലാസ്റ്റര്‍ നീക്കാവുന്നതാണ് എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.