'ആദ്യ ദിനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം; എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും'; ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി 15ന് ചുമതലയേല്‍ക്കുമെന്ന് കെ. ജയകുമാര്‍

Update: 2025-11-10 13:17 GMT

തിരുവനന്തപുരം: പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാര്‍. 17 മുതല്‍ തീര്‍ത്ഥാടനകാലം തുടങ്ങുകയാണ്. അതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കും. എല്ലാ കാര്യങ്ങളും ആലോചിച്ച് ആശങ്കയ്ക്ക് ഇടയില്ലാത്ത വിധം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കും. ആദ്യ ദിനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും പതിയെ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 13ന് പി. എസ്. പ്രശാന്തിന്റെ ബോര്‍ഡ് കാലാവധി അവസാനിക്കും. 15ന് ചുമതല ഏറ്റെടുക്കുമെന്നും 16ന് ഉച്ചയോടെ സന്നിധാനത്ത് ഉണ്ടാകുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.

രണ്ട് വര്‍ഷത്തേക്കാണ് കെ. ജയകുമാറിന്റെ നിയമനം. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ. രാജുവിനെ ബോര്‍ഡ് അംഗമായും നിയമിച്ചു. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പ്രതികരിച്ചു. കെ. ജയകുമാര്‍ തന്റെ പിന്‍ഗാമിയായി വരുന്നതില്‍ സന്തോഷമെന്നും പി. എസ്. പ്രശാന്ത് പറഞ്ഞു. വരുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും പി. എസ്. പ്രശാന്ത് വ്യക്തമാക്കി.

നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ പ്രസിഡന്റിനെയും അംഗത്തെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ചീഫ് സെക്രട്ടറിയായി സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു ജയകുമാര്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്നു കെ. രാജു. ബോര്‍ഡിലെ സംവരണ സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് സിപിഐ രാജുവിന് അവസരം നല്‍കിയത്.

Similar News