ഭക്ഷണം പാചകം ചെയ്യുന്നതിനിടെ തീപടര്‍ന്നു; വൈപ്പിനില്‍ ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു; ഒരു ബോട്ട് പൂര്‍ണമായും കത്തിനശിച്ചു
വൈപ്പിനില്‍ ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-04-20 12:53 GMT
കൊച്ചി: വൈപ്പിന്‍ മുരുക്കുംപാടത്ത് ഫിഷിങ്ങ് ബോട്ടുകള്‍ക്ക് തീപിടിച്ച് അപകടം. ഒരു ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ബോട്ടിലെ ജോലിക്കാര്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പടര്‍ന്നതാണ് അപകടകാരണമെന്നാണ് സൂചന. തീപടര്‍ന്നയുടനെ ജോലിക്കാര്‍ ഇറങ്ങിയോടിയതാണ് രക്ഷയായത്.
കാളമുക്ക് ഹാര്‍ബറിന് സമീപം കെട്ടിയിട്ടിരുന്ന ആരോഗ്യ അന്ന എന്ന ഫിഷിങ് ബോട്ടാണ് പൂര്‍ണമായും നശിച്ചത്. കുളച്ചല്‍ സ്വദേശിയുടേതാണ് ബോട്ട്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഈസ്റ്ററായതുകൊണ്ട് തന്നെ ബോട്ടുകള്‍ കടലില്‍ പോയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് മറ്റു ബോട്ടുകള്‍ക്ക് അപകടം സംഭവിക്കാതിരുന്നത്.