കോടിയേരി ബാലകൃഷ്ണന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രിവാണ്‍ഡ്രം റോയല്‍സ് ചാമ്പ്യന്മാര്‍

കോടിയേരി ബാലകൃഷ്ണന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രിവാണ്‍ഡ്രം റോയല്‍സ് ചാമ്പ്യന്മാര്‍

Update: 2025-04-20 14:49 GMT

തലശേരി: കോടിയേരി ബാലകൃഷ്ണന്‍ വനിതാ കെ സി എ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ട്രിവാണ്‍ഡ്രം റോയല്‍സ് ചാമ്പ്യന്മാര്‍. സുല്‍ത്താന്‍ സിസ്റ്റേഴ്‌സിനെതിരെ ഒന്‍പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയവുമായാണ് റോയല്‍സ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സുല്‍ത്താന്‍ സിസ്റ്റേഴ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് 14 പന്തുകള്‍ ബാക്കി നില്‌ക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സുല്‍ത്താന്‍ സിസ്റ്റേഴ്‌സിന്റേത് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. നിയതി ആര്‍ മഹേഷിന്റെ ഉജ്ജ്വല ബൗളിങ്ങാണ് സുല്‍ത്താന്‍ സിസ്റ്റേഴ്‌സിന്റെ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. 20 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഇതില്‍ നാലും വീഴ്ത്തിയത് നിയതി തന്നെ. നേരത്തെ റേസ് ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‌സരത്തിലും ഹാട്രിക് അടക്കം നിയതി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്യനിരയില്‍ ദിവ്യ ഗണേഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സുല്‍ത്താല്‍ സിസ്റ്റേഴ്‌സിന് അല്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദിവ്യ 33 പന്തുകളില്‍ നിന്ന് 40 റണ്‍സുമായി പുറത്താകാതെ നിന്നു. ദിവ്യയ്ക്ക് പുറമെ 13 റണ്‍സെടുത്ത വൈഷ്ണയും 12 റണ്‍സെടുത്ത കീര്‍ത്തി ദാമോദരനും മാത്രമാണ് രണ്ടക്കം കടന്നത്.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് മാളവിക സാബുവിന്റെയും അബിന മാര്‍ട്ടിന്റെയും മികച്ച ബാറ്റിങ്ങാണ് അനായാസ വിജയം ഒരുക്കിയത്. ജയത്തിന് ഒരു റണ്‍ അകലെ മാളവികയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‌ക്കെ റോയല്‍സ് ലക്ഷ്യത്തിലെത്തി. മാളവിക 49 റണ്‍സ് നേടിയപ്പോള്‍ അബിന 36 റണ്‍സുമായി പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ നിയതിക്ക് പ്ലയര്‍ ഓഫ് ദി ഫൈനല്‍ പുരസ്‌കാരം ലഭിച്ചു.

Tags:    

Similar News