ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേര്‍ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവത്തില്‍ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം. നിലവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണ്. അവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അപകടമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇത് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പരാജയമാണ്.
ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരമാണ്. ഇതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.