രണ്ടുമാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന ബക്കര്‍ അഭിഭാഷകനൊപ്പമെത്തി സ്റ്റേഷനില്‍ കീഴടങ്ങി; പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍
മലപ്പുറം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മാറഞ്ചേരി പഞ്ചായത്ത് അംഗം കെ എ ബക്കറിനെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന ബക്കര്‍ അഭിഭാഷകനൊപ്പമെത്തി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ കോടതിയുടെ ഉത്തരവുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
പാതിവില തട്ടിപ്പുകേസുമായ ബന്ധപ്പെട്ട 330 പരാതികളിലായി 32 കേസുകളാണ് ബക്കറിനെതിരെയുള്ളത്. പുറങ്ങ് കേന്ദ്രമായുള്ള ഹരിയാലി, മാറഞ്ചേരി കേന്ദ്രമായുള്ള സിക്സ്റ്റീന്‍ ഓഫ് മാറഞ്ചേരി എന്നീ സ്ഥാനപങ്ങള്‍ വഴി ഒരു കോടി രൂപയ്ക്ക് മുകളില്‍ ബക്കര്‍ വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പാതിവിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് എന്നിവ വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പില്‍ മാറഞ്ചേരി പഞ്ചായത്തില്‍ നിന്നു മാത്രം 486 പേര്‍ ഇരകളായെന്നാണ് വിവരം.
അതേസമയം പാതിവില തട്ടിപ്പില്‍ സംസ്ഥാനത്ത് 1,343 കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിമയസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 665 കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപിമേല്‍നോട്ടം വഹിക്കും. സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി 49,386 പേരില്‍നിന്ന് 281.43 കോടി രൂപ, ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരില്‍നിന്ന് 9.22 കോടി രൂപ, തയ്യല്‍ മെഷീന്‍ വാഗ്ദാനം നല്‍കി 56,082 പേരില്‍നിന്ന് 23.24 കോടി രൂപ എന്നിങ്ങനയൊണ് സംഘം തട്ടിയത്.