ഓര്‍മ്മകള്‍ പുതുക്കി എഐഡബ്ല്യുസിയുടെ തണലില്‍ ആ അമ്മമാര്‍; അവര്‍ വീണ്ടും കന്യാകുമാരി കണ്ടു
തിരുവനന്തപുരം: ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി പുതുക്കുകയും പുതിയ ഓര്‍മ്മകള്‍ കൂടെ കൂട്ടിയും അവര്‍ എല്ലാം ഒത്തൊരുമിച്ചൊരു യാത്ര നടത്തി. ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സ് (അകണഇ)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ' ആശ്രയ' വയോജന കേന്ദ്രത്തിലെ 42 അമ്മമാരാണ് കന്യാകുമാരിയിലും മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുമായി യാത്ര സംഘടിപ്പിച്ചത്. മെയ് രണ്ട് വെള്ളിയാഴ്ചയാണ് യാത്ര നടത്തിയത്. എഐഡബ്ല്യുസിയുടെ അറുപതാം വാര്‍ഷികത്തോടനു ബന്ധിച്ചുള്ള ആഘോഷങ്ങളിലൊന്നായാണ് അമ്മമാര്‍ക്കായുള്ള ഈ കന്യാകുമാരി യാത്ര സംഘടിപ്പിച്ചത്. പലരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കന്യാകുമാരിയിലേക്ക് യാത്ര പോയിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഇതുവരെ പോകാത്ത ബാക്കിയുള്ളവര്‍ക്ക് അതൊരു പുതു അനുഭവം കൂടിയാകും എന്നുള്ളത് കൊണ്ടാണ് യാത്ര സംഘടിപ്പിച്ചതെന്ന് എഐഡബ്ല്യുസി പ്രസിഡന്റ് ശ്രീമതി ജലജ കുമാരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അമ്മമാരെയും കൂട്ടി ലുലു മാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരള ട്രാവല്‍സാണ് ഈ യാത്രയ്ക്കുള്ള വാഹനം സ്‌പോണ്‍സര്‍ ചെയ്തത്.
മുതിര്‍ന്ന സ്ത്രീകളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യം ഉറപ്പുവരുത്താനുള്ള നിരവധി സേവനങ്ങള്‍ എഐ ഡബ്ല്യുസി എന്ന എന്‍ജിഒ കഴിഞ്ഞ 100 വര്‍ഷങ്ങളായി രാജ്യത്ത് നല്‍കി വരുന്നു. തിരുവനന്തപുരം ബ്രാഞ്ച് നിലവില്‍ വന്നിട്ട് ഇക്കൊല്ലം 60 വര്‍ഷം പൂര്‍ത്തിയാവുകയാണ്. നിരവധി സൗജന്യ മെഡിക്കല്‍ ചെക്കപ്പുകള്‍, മരുന്നു വിതരണം, യോഗ പരിശീലനം, മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി സേവനങ്ങളും തീര്‍ത്തും സൗജന്യമായി നല്‍കി വരുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവധിക്കാല കമ്പ്യൂട്ടര്‍, തയ്യല്‍ പരിശീലനം, വിവിധ ക്ലാസുകള്‍ എന്നിവയും നല്‍കി വരുന്നു. എ ഐ ഡബ്ല്യുസി തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റായി ശ്രീമതി ജലജ കുമാരിയും, (റിട്ടയേഡ് ഗസറ്റഡ് ഓഫീസര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്), സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും,(റിട്ടയേര്‍ഡ് പ്രൊഫസര്‍, മാര്‍ തിയോഫിലസ് ട്രെയിനിങ് കോളേജ് തിരുവനന്തപുരം) സേവനമാനുഷ്ഠിച്ചു വരുന്നു.