ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മങ്കരയിലെ തറവാട് വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍; എഐസിസിയുടെ ആദ്യ മലയാളി അധ്യക്ഷന്റെ പ്രസക്തി ചര്‍ച്ചയാക്കി അര്‍ലേക്കറും
പാലക്കാട്: സ്വാതന്ത്ര്യസമരസേനാനിയും എഐസിസിയുടെ ആദ്യ മലയാളി അധ്യക്ഷനുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മങ്കരയിലെ തറവാട് വീട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഗവര്‍ണര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അഞ്ചുവയസുവരെ കളിച്ചുവളര്‍ന്ന മങ്കരയിലെ തറവാട് വീട്ടിലെത്തിയത്. ചേറ്റൂരിന്റെയും പത്‌നി പാര്‍വതി ശങ്കരന്‍ നായരുടെയും ഫോട്ടോ നോക്കിക്കാണുകയും ചെയ്തു.
തുടര്‍ന്ന് തറവാട് വീടിന് തൊട്ടടുത്തുള്ള കുടുംബാംഗവും റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനുമായ ചേറ്റൂര്‍ കൃഷ്ണന്‍ നായരെ സന്ദര്‍ശിച്ച് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ചേറ്റൂര്‍ കൃഷ്ണന്‍ നായരുടെ അമ്മയുടെ അമ്മാവനാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
രാജ്യംകണ്ട മഹദ് വ്യക്തിത്വമാണ് ചേറ്റൂര്‍ ശങ്കരന്‍നായരെന്നും, രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് വൈസ്രോയിസ് കൗണ്‍സിലില്‍ തന്റെ അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞ് ഇറങ്ങി വരാന്‍ അദ്ദേഹം കാണിച്ച ധൈര്യം ആര്‍ക്കുമുണ്ടാവില്ല.
അദ്ദേഹത്തിന്റെ വീട് നിങ്ങളിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ചേറ്റൂര്‍ കൃഷ്ണന്‍ നായരോട് പറഞ്ഞു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്താണ് ഗവര്‍ണര്‍ മടങ്ങിയത്. ചേറ്റൂര്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സത്യജിത്ത്, മരുമകള്‍ പി. ധന്യ, പേരക്കുട്ടികളായ ഭരത്, ഗൗര്യ എന്നിവരും ഉണ്ടായിരുന്നു.