ഉത്സവങ്ങളിലെ കെട്ടുകാഴ്ച്ചകള്‍ക്ക് നിയന്ത്രണം; അനുമതിയില്ലെങ്കില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി ഊര്‍ജ്ജവകുപ്പ്
ഉത്സവങ്ങളിലെ കെട്ടുകാഴ്ച്ചകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന ഊര്‍ജ വകുപ്പാണ് ഉത്തരവിറക്കിയത്. അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകള്‍ക്ക് ഒരുമാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഊര്‍ജ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
വിദൂര സ്ഥലങ്ങളില്‍ നിന്നും വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. ഇത്തരത്തില്‍ കെട്ടുകാഴ്ചകള്‍ കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി ലൈനുകള്‍ അഴിക്കേണ്ടാത്ത രീതിയില്‍ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തേണ്ടിവരും. പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങുകയും വൈദ്യുതിലൈനുകളില്‍ മുട്ടുന്ന സാഹചര്യം കണ്ടെത്തിയാല്‍ വൈദ്യുതിലൈനുകള്‍ അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ട ചെലവും ഉത്സവക്കമ്മിറ്റി വഹിക്കേണ്ടിവരും.
ഉത്സവ സീസണില്‍ ആറുമാസം മുന്‍പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കണമെന്നും ഊര്‍ജ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കെട്ടുത്സവങ്ങള്‍, കാവടി ഉത്സവം, ഗണേശ ചതുര്‍ത്ഥിക്കും ഉത്തരവ് ബാധകമായേക്കും. ഓരോ വര്‍ഷവും കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണമെന്നും ഉത്സവങ്ങളിലെ വൈദ്യുത സുരക്ഷ സംബന്ധിച്ച് കെ.എസ്.ഇ.ബി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30 ന് ഊര്‍ജവകുപ്പിന് സമര്‍പ്പിച്ച കത്തിന്റെ തുടര്‍നടപടിയാണിത്.
പോലീസിന്റെയും കെ.എസ്.ഇ.ബിയുടെയും മുന്‍കൂര്‍ അനുമതി ഉത്സവ കമ്മിറ്റി ഒരുമാസം മുന്‍പെങ്കിലും വാങ്ങണം. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും മറ്റ് നിയമപ്രകാരവും നടപടി സ്വീകരിക്കാനാണ് തീരുമാനം. വടക്കന്‍ ജില്ലകളിലെ കെട്ടുത്സവങ്ങള്‍, മധ്യകേരളത്തിലെ കാവടി ഉല്‍സവം, ഗണേശചതുര്‍ത്ഥി പോലെ വലിയ രൂപങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടുവരുന്ന ഉത്സവാഘോഷങ്ങള്‍ എന്നിവയിലാണ് വൈദ്യുതി ലൈനുകളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.