'വര്‍ണപ്പകിട്ട്' ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗം; സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിനൊരുങ്ങി കോഴിക്കോട്
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിനൊരുങ്ങി കോഴിക്കോട്. ആഗസ്റ്റ് 21, 22, 23 തീയതികളിലാണ് 'വര്‍ണപ്പകിട്ട്' എന്ന പേരില്‍ സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് സംഘടിപ്പിക്കുക. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായാണ് പരിപാടി.
ആഗസ്ത് 21ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ കോഴിക്കോട് കൈരളി, ശ്രീ എന്നീ തീയേറ്ററുകളില്‍ ക്വിയര്‍/ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രമേയം കൈകാര്യം ചെയ്യുന്ന ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും. 21 ന് രാവിലെ 10 മുതല്‍ ജൂബിലി ഹാളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യനീതി, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ കലാഭിരുചിയുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.
ഫെസ്റ്റിന്റെ ഭാഗമായി 21, 22, 23 തീയതികളില്‍ സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവവും നടക്കും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാള്‍, തളി ഗവ. യുപി സ്‌കൂള്‍, ഹോട്ടല്‍ കിംഗ് ഫോര്‍ട്ട് എന്നിവയാണ് മത്സരവേദികള്‍.