സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം; കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്: 21 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും

Update: 2025-08-19 15:28 GMT

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 21ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ബ്രിട്ടാസ്, എ എ റഹീം, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

കേരളം അതിന്റെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങള്‍കൊണ്ട് എന്നും ഇന്ത്യക്ക് മാതൃകയാണ്. 1991-ല്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയപ്പോള്‍, 2011-ലെ സെന്‍സസ് പ്രകാരം 93.91 ശതമാനം സാക്ഷരതാ നിരക്കുമായി വീണ്ടും ദേശീയ ശ്രദ്ധ നേടി. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ, സാക്ഷരത എന്നത് കേവലം എഴുത്തും വായനയും മാത്രമല്ല, ഇന്റര്‍നെറ്റ് അധിഷ്ഠിത ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കഴിവ് കൂടിയായി മാറി. സര്‍ക്കാര്‍ സേവനങ്ങള്‍, പ്രത്യേകിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാക്കിയ കെ സ്മാര്‍ട്ട് ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ച്, ഡിജിറ്റല്‍ സാക്ഷരതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഡിജി-കേരളം പദ്ധതിക്ക് തുടക്കം കുറിച്ചത്.

കോവിഡ് കാലത്ത് 2021 ല്‍ പുല്ലമ്പാറയില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ 2022 സെപ്റ്റംബര്‍ 21 ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറ മാറി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 വാര്‍ഡുകളിലായി 3300 പേര്‍ക്ക് പരിശീലനം നല്‍കി എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി. ഡിജി പുല്ലമ്പാറയുടെ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് പദ്ധതി വ്യാപകമാക്കുന്നതിന് മുമ്പ് തന്നെ 11 ജില്ലകളിലായി 27 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന തദ്ദേശ സ്ഥാപനങ്ങളായി മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇങ്ങനെ 1,20,826 പൗരന്മാര്‍ക്ക് (പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ) ഡിജിറ്റല്‍ സാക്ഷരത നല്‍കി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. 2023 ഏപ്രില്‍ 10 ന് കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇതിന് തുടര്‍ച്ചയായി ഡിജി കേരളം പദ്ധതിക്ക് തുടക്കംകുറിച്ചത്.

വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ എല്ലാവര്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. നിലവിലെ പദ്ധതി പരിഷ്‌കരണങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. ദേശീയ തലത്തില്‍ നാഷണല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്റെ ഭാഗമായുള്ള കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി പരിമിതവും 14 മുതല്‍ 60 വയസുവരെയുള്ളവര്‍ക്കുമാണ്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഇ-സാക്ഷരത ലഭിച്ചാല്‍ ആ കുടുംബത്തെയാകെ കമ്പ്യൂട്ടര്‍ സാക്ഷരരായി പ്രഖ്യാപിക്കുന്ന നിലയിലാണ് നിബന്ധന. അന്തര്‍ദേശീയ തലത്തില്‍ യുനസ്‌കോ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിര്‍വചിച്ച ഡിജിറ്റല്‍ പഠന മാനദണ്ഡങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കേരളത്തിന്റെ ഡിജിറ്റല്‍ സാക്ഷരതാ മൊഡ്യൂള്‍. കേരളം 14 വയസിന് മുകളിലേക്കുള്ള എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം ഉറപ്പാക്കി. 14 മുതല്‍ 65 വയസുവരെയുള്ളവര്‍ക്ക് മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നായിരുന്നു ഡിജി കേരളം പദ്ധതിയിലെ ഔദ്യോഗിക തീരുമാനമെങ്കിലും മുഴുവന്‍ പഠിതാക്കളും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി വിജയിച്ചവരായി മാറി. കേവലമായ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്ക് ഉപരിയായി, സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുമുള്‍പ്പെടെ പരിശീലിച്ചാണ് കേരളത്തിലെ ഓരോ പഠിതാവും ഡിജിറ്റല്‍ സാക്ഷരത നേടിയത്. സാങ്കേതിക സര്‍വകലാശാലയുടെയും കിലയുടെയും നേതൃത്വത്തില്‍ പുല്ലമ്പാറയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് മൊഡ്യൂളുകളിലായി 15 പ്രവര്‍ത്തനങ്ങളാണ് പരിശീലിപ്പിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഓണാക്കാനും ഓഫാക്കാനും തുടങ്ങി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും വാട്ട്സാപ്പ്, ഫേസ്ബുക്ക് ഉപയോഗിക്കാനും മെസേജ് അയയ്ക്കാനും, യൂട്യൂബിലും ഗൂഗിളിലും സെര്‍ച്ച് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും കാണാനും ഗ്യാസ് ബുക്ക് ചെയ്യാനും കറണ്ട് ബില്‍ അടയ്ക്കാനും വരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്രവര്‍ത്തനമായിരുന്നു ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്ന ഒരു പ്രവര്‍ത്തനമായിരുന്നു പതിനഞ്ചാമത്തേത്. ഈ രീതിയില്‍ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത മൊഡ്യൂളാണ് പരിശീലിപ്പിച്ചത്. 15ല്‍ 6 പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാലാണ് സാക്ഷരത നേടി എന്ന നിര്‍ണയത്തിലേക്ക് എത്തുന്നത്.

83 ലക്ഷത്തില്‍പ്പരം (83,45,879) കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയാണ് 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്. ഇവരില്‍ 21,87,966 (99.98%) പഠിതാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കി. അവരില്‍ 21,87,667 (99.98%) പഠിതാക്കള്‍ മൂല്യനിര്‍ണ്ണയത്തില്‍ വിജയിച്ച് ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. സര്‍വേയിലൂടെ കണ്ടെത്തിയ പഠിതാക്കളില്‍ 90 വയസ്സിന് മുകളില്‍ പ്രായമുള്ള 15,223 പേരും, 76നും 90നും ഇടയില്‍ പ്രായമുള്ള 1,35,668 പേരും ഉള്‍പ്പെടുന്നു. പഠിതാക്കളില്‍ 8.05 ലക്ഷം പേര്‍ പുരുഷന്മാരും, 13.81 ലക്ഷം പേര്‍ സ്ത്രീകളുമാണ്. 1644 ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ളവരും ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം പൂര്‍ത്തിയാക്കി.

2,57,048 വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേയും പരിശീലനവും നടത്തിയത്. കോളജ്, പ്ലസ് ടു വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, എന്‍സിസി, എന്‍വൈകെ, സന്നദ്ധ സേന വോളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, എസ്.സി.-എസ്.റ്റി. പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധസംഘടനകള്‍, യുവതീ-യുവാക്കള്‍, തദ്ദേശ സ്വയം ഭരണ വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവരാണ് വിവരശേഖരണവും പരിശീലനവും മൂല്യനിര്‍ണയവും നടത്തിയത്. ഇവര്‍ക്ക് വിപുലമായ പരിശീലനവും ഒരുക്കിനല്‍കി. പഠന പ്രവര്‍ത്തനവും മൂല്യനിര്‍ണയവുമെല്ലാം മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പൂര്‍ണമായും ഡിജിറ്റലായാണ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ കൂട്ടമായും, വീടുകളിലെത്തി ഓരോരുത്തര്‍ക്കും വളണ്ടിയര്‍മാര്‍ പരിശീലനം നല്‍കി. വീടുകളിലെത്തി കുട്ടികളെയും കൗമാരക്കാരെയും വളണ്ടിയര്‍മാര്‍ ചുമതലപ്പെടുത്തുകയും, വീടുകളിലെ മുതിര്‍ന്ന അംഗങ്ങളെ മക്കളും കൊച്ചുമക്കളും ഇങ്ങനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരിശീലനം പൂര്‍ത്തിയാക്കിയവരെ മൂല്യനിര്‍ണയ പ്രക്രിയയ്ക്ക് വിധേയരാക്കി. മൂല്യനിര്‍ണയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പരിശീലനം നല്‍കി തുടര്‍മൂല്യനിര്‍ണയവും ഉറപ്പാക്കി. ഓരോ ഘട്ടത്തിലും വ്യത്യസ്തരായ വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയാണ് ഈ പ്രക്രീയ പൂര്‍ത്തിയാക്കിയത്. സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കി നല്‍കിയിട്ടുണ്ട്. വളണ്ടിയര്‍മാരുടെ ഫോണില്‍ നിന്നാണ് പരിശീലനം നല്‍കിയത്. ഓരോ ഘട്ടത്തിലും 'ഡിജി കേരളം' പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തില്‍ 5 ശതമാനം പഠിതാക്കളെ സൂപ്പര്‍ ചെക്ക് പ്രക്രിയ ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. സംസ്ഥാനതലത്തില്‍ 1 ശതമാനം പഠിതാക്കളെ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് സൂപ്പര്‍ചെക്ക് നടത്തി. 'ഡിജി കേരളം' പദ്ധതിയുടെ തേര്‍ഡ് പാര്‍ട്ടി മൂല്യ നിര്‍ണ്ണയം ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് മുഖേന നടത്തി. 2 ശതമാനം പഠിതാക്കളെയാണ് സൂപ്പര്‍ചെക്കിന് വിധേയമാക്കിയത്. ഇതിനായി ഒരു വെബ് പോര്‍ട്ടലും, മൊബൈല്‍ ആപ്ലിക്കേഷനും സജ്ജീകരിച്ചിരുന്നു. ശേഷം ജില്ലാ കളക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ഓണ്‍ലൈനിലുള്ള മൂല്യനിര്‍ണയവും തുടര്‍ന്ന് നാല് ഘട്ടത്തിലുള്ള സൂപ്പര്‍ചെക്ക് പ്രക്രീയയും പൂര്‍ത്തിയാക്കിയാണ് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശേഷമാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനത്തിലേക്ക് നാം കടക്കുന്നത്.

13 വാര്‍ഡുകളിലായി 26 കുടികള്‍ ഉള്ള പൂര്‍ണമായും സംരക്ഷിത വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഒരു കുടിയില്‍ നിന്നും മറ്റൊരു കുടിയിലേക്ക് എത്തിച്ചേരുന്നതിന് രണ്ട് കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരമുണ്ട്. പല കുടികളിലും വൈദ്യുതിയോ മറ്റ് നെറ്റ് വര്‍ക്ക് സംവിധാനങ്ങളോ എത്തിയിട്ടില്ലാത്ത ഇവിടെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷരത പ്രേരക്മാരോ സജീവമായ കുടുംബശ്രീ സംവിധാനമോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പഞ്ചായത്തിലെ ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ സര്‍വ്വേയും ഇവാല്യുവേഷനും പൂര്‍ത്തിയാക്കി. ഇടമലക്കുടിയില്‍ എല്ലാ ഭാഗത്തും നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ നെറ്റ് കിട്ടുന്ന ചുരുക്കം ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നല്‍കിയത്. ഇതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ്മാരെയും ഉപയോഗപ്പെടുത്തിയിരുന്നു. നെറ്റ് വര്‍ക്ക് തീരെ ലഭ്യമല്ലാതിരുന്ന കുടികളില്‍ ഓഫ്ലൈനായും കുടി നിവാസികള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള വീഡിയോകള്‍ കാണിച്ചുമാണ് ഡിജി കേരളം പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം ഉണ്ടായെങ്കിലും ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് 1106 പഠിതാക്കളെയും കണ്ടെത്തി ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനും പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ഡിജി കേരളം പദ്ധതി അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ആദിവാസി മേഖലകളിലും മികച്ച വിജയം നേടിയത് ശാസ്ത്രീയവും സാമൂഹിക പങ്കാളിത്തത്തിലൂന്നിയതുമായ സമീപനങ്ങളിലൂടെയാണ്. പദ്ധതി പൂര്‍ത്തീകരിച്ചത് ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള വെല്ലുവിളികള്‍ തിരിച്ചറിഞ്ഞുകൊണ്ട്, തദ്ദേശീയമായ സാമൂഹിക ഘടകങ്ങളെയും പ്രാദേശിക ജനപ്രതിനിധികളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഇതിലൂടെ, പദ്ധതിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. 'ഡിജി കൂട്ടങ്ങള്‍' രൂപീകരിച്ചും, സാമൂഹ്യ പഠന കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചും, ഇന്റര്‍നെറ്റും ഉപകരണങ്ങളും ലഭ്യമാക്കിയും ആദ്യഘട്ട പരിശീലനത്തിനും തുടര്‍പഠനത്തിനും നിരന്തരമായ് പിന്തുണ നല്‍കിയത് പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായി. സഹവര്‍ത്തിത്തത്തോടെയുള്ള സമീപനം ആദിവാസി സമൂഹങ്ങള്‍ക്ക് ഡിജിറ്റല്‍ കഴിവുകള്‍ നല്‍കുക മാത്രമല്ല, പുതിയൊരു ശാക്തീകരണബോധം വളര്‍ത്തുകയും ചെയ്തു. ഇതിലൂടെ കേരളത്തിലെ എല്ലാ പൗരന്മാരെയും ഈ ഡിജിറ്റല്‍ മുന്നേറ്റത്തില്‍ ഭാഗമാക്കാന്‍ ഡിജി കേരളം പദ്ധതിക്ക് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Similar News