പ്രതിരോധ കുത്തിവയ്‌പ്പെടുത്തിട്ടും പേവിഷബാധയേറ്റ് 13 വയസ്സുകാരി മരിച്ച സംഭവം; നായയുടെ ഉടമയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി കുടുംബം

പേവിഷബാധയേറ്റ് 13 വയസ്സുകാരി മരിച്ച സംഭവം; നായയുടെ ഉടമയുടെ പേരിൽ നടപടി ആവശ്യപ്പെട്ട് കുടുംബം

Update: 2025-05-05 02:01 GMT

പുല്ലാട്: നായ കടിച്ചതിനെ തുടര്‍ന്ന്, പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും 13 വയസ്സുകാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഡിസംബറില്‍ നായകടിയേറ്റശേഷം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തെങ്കിലും ഏപ്രില്‍ ഒമ്പതിന്, പുല്ലാട് ചാത്തന്‍പാറ ബിനോയ്ഭവനില്‍ ബിനോജിയുടെയും ശില്‍പ്പയുടെയും മകള്‍ ഭാഗ്യലക്ഷ്മി (13) മരിച്ചു. കുട്ടിയെ കടിച്ച വളര്‍ത്തുനായയ്ക്ക് കുത്തിവെപ്പ് എടുത്തിരുന്നില്ല.

അതിനിടെ, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കളക്ടറെ കാണാന്‍ അച്ഛനും അമ്മയും എത്തണമെന്ന് ഡിഎംഒ ഓഫീസില്‍നിന്ന് അറിയിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തില്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ കൈകളിലാണ് സമീപത്തെ വീട്ടിലെ പട്ടി ആദ്യം കടിച്ചത്. തുടര്‍ന്ന് കാലിലും കടിച്ചു. കൈകളിലെ മുറിവ് ആഴത്തിലായിരുന്നു. രണ്ട് മുറിവുകളിലും അന്നു തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍നിന്ന് വാക്സിന്‍ എടുത്തു.

സംഭവം നടന്ന് മൂന്നാംദിവസം ഈ നായ ചത്തെങ്കിലും പരിശോധന നടത്താതെ കുഴിച്ചിടാന്‍ ശ്രമിച്ചത് പ്രദേശവാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞയുടന്‍ വിവരം ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരെ അറിയിച്ചതായും വീട്ടുകാര്‍ പറഞ്ഞു.

കുട്ടി മരിക്കുന്നതിന് തലേദിവസം കൊച്ചിയിലെ ആശുപത്രി അധികൃതര്‍ പരിശോധന നടത്താനുള്ള സ്രവം ശേഖരിച്ചിരുന്നു. ഇതിന്റെ ആദ്യ പരിശോധനാഫലം രണ്ടുദിവസത്തിനുശേഷം ആശുപത്രി അധികൃതര്‍ കുട്ടിയുടെ അമ്മയ്ക്ക് വാട്സാപ്പില്‍ നല്‍കി. അതില്‍ പേവിഷബാധയാണ് മരണകാരണമെന്ന് കാണിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

പരിശോധനാഫലങ്ങള്‍ രണ്ടെണ്ണമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരെണ്ണംമാത്രമാണ് നല്‍കിയത്. അടുത്തത് ഉടനെ അയച്ചുതരാമെന്ന് ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്നില്ല. അന്വേഷിച്ചപ്പോള്‍, അത് ഡിഎംഒയ്ക്ക് മാത്രമേ കൈമാറൂ എന്ന് പറഞ്ഞെന്നും കുടുംബം പറഞ്ഞു.

Tags:    

Similar News