വാദം പൂര്‍ത്തിയായ കേസുകളില്‍ വിധിപറയുന്നില്ല; എല്ലാ ഹൈക്കോടതികളോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
വാദം പൂര്‍ത്തിയായ കേസുകളില്‍ വിധിപറയുന്നില്ല; എല്ലാ ഹൈക്കോടതികളോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ കേസുകളില്‍ വിധിപറയാന്‍ വൈകിക്കുന്നതില്‍ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഇനിയും വിധിപറയാത്ത കേസുകളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ എല്ലാ ഹൈക്കോടതികളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നുവര്‍ഷംമുന്‍പ് വിധിപറയാന്‍ മാറ്റിയ ക്രിമിനല്‍ക്കേസില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ഇനിയും വിധിപറയാത്തത് ചോദ്യംചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. തുടര്‍ന്ന്, ജനുവരി 31-ന് മുന്‍പ് വിധിപറയാന്‍ മാറ്റിയിട്ടും ഇനിയും വിധിപറയാത്ത കേസുകളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കാന്‍ എല്ലാ ഹൈക്കോടതികളോടും സുപ്രീംകോടതി ആവശ്യപ്പെടുക ആയിരുന്നു.
വിധിപറയാന്‍ വൈകിക്കുന്നത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ 67 കേസുകളാണ് വിധിപറയാന്‍ മാറ്റിയിട്ടും വിധിപറയാത്തത്. ഇക്കാര്യത്തില്‍ തങ്ങള്‍ തീര്‍ച്ചയായും മാര്‍ഗരേഖയുണ്ടാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ അപ്പീലുകള്‍, സിവില്‍കേസുകള്‍ എന്നിവ തരംതിരിച്ചുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതികള്‍ സമര്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് ജൂലായില്‍ വീണ്ടും പരിഗണിക്കും.