വിവരാവകാശ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്; വിവരം നല്‍കാതെ മറുപടി അയക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിവരാവകാശ കമീഷണര്‍

Update: 2025-05-10 08:43 GMT

കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കുകയും കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃത്യമായ വിവരം നല്‍കില്ലെന്ന് ബോധപൂര്‍വം തീരുമാനിച്ച് വിവരാവകാശ അപേക്ഷകള്‍ക്ക് പലതരം മറുപടികള്‍ നല്‍കുന്ന ഉദ്യോഗസ്ഥരുണ്ട്. അവര്‍ വിവരാവകാശ നിയമത്തെ പരിഹസിക്കുകയാണെന്നും ഇങ്ങനെയുള്ളവര്‍ വിട്ടുവീഴ്ച അര്‍ഹിക്കുന്നില്ലെന്നും കമീഷണര്‍ പറഞ്ഞു. അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാതെ മറ്റു വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ മറുപടിക്കത്ത് തയാറാക്കരുതെന്നും നിര്‍ദേശിച്ചു.

വിവരാവകാശ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. അവരില്‍ പോലീസിന്റെ കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വരെയുണ്ടെന്ന വിവരം കമീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ അസ്വസ്ഥമാക്കണമെന്ന ഉദ്ദേ ശ്യത്തോടെ സമര്‍പ്പിക്കുന്ന ഇത്തരം വിവരാവകാശ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനതാളം തെറ്റിക്കുന്നു. നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കല്‍ കമീഷന്റെ താല്‍പര്യമല്ല.

കമീഷന്റെ പരിഗണനയിലുള്ള പരാതികളില്‍ തീരുമാനം വരാത്ത ഫയലുകള്‍ കാലാവധി കഴിഞ്ഞാലും നശിപ്പിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ഫയലുകളും ഏതെങ്കിലുമൊരു ഡിസ്പോസല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതും വിവരാവകാശ നിയമം വകുപ്പ് 4 പ്രകാരം ഫയലുകള്‍ എല്ലാ ഓഫീസികളിലും ചിട്ടയായി സൂക്ഷിക്കേണ്ടതുമാണ്. ഇവയില്‍ നിന്ന് ഏതെങ്കിലും ഒരു ഫയല്‍ നഷ്ടപ്പെട്ടാല്‍ പുന:സൃഷ്ടിച്ച് അപേക്ഷന് വിവരം ലഭ്യമാക്കാന്‍ ഓഫീസ് മേധാവി ബാധ്യസ്ഥനാണെന്നും കമീഷണര്‍ പറഞ്ഞു.

വിവരാവകാശ കമീഷന്‍ സിറ്റിങ്; 14 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ച 14 പരാതികളും തീര്‍പ്പാക്കി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ക്വാറികള്‍ സംബന്ധിച്ച വിവരങ്ങള്‍ 14 ദിവസത്തിനകം അപേക്ഷകന് ലഭ്യമാക്കാനും കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇ പി രാമേശ്വരന്‍ സമര്‍പ്പിച്ച പരാതിയില്‍, കാണാതായ ഫയല്‍ രണ്ടാഴ്ചക്കകം പുനഃസൃഷ്ടിച്ച് വിവരം ലഭ്യമാക്കാനും കമീഷണര്‍ ഉത്തരവിട്ടു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ അനീഷ് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയില്‍ വിവരം നല്‍കാതിരുന്ന എസ്പിഐഒക്കെതിരെ വിവരാവകാശ നിയമം 20(1) പ്രകാരം നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഫറോക്ക് നഗരസഭയില്‍ ഷാഹുല്‍ ഹമീദിന്റെ പരാതിയില്‍ വിവരം നിഷേധിച്ച മുന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാനും മറ്റൊരു പരാതിക്കാരനായ ടി സലീം 63 രൂപ നഗരസഭയില്‍ അടച്ചാല്‍ വിവരം ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു. ഫറോക്ക് നഗരസഭയില്‍ മഖ്ബൂല്‍ സമര്‍പ്പിച്ച പരാതിയില്‍ 21 ദിവസത്തിനകം വിവരം ലഭ്യമാക്കാന്‍ കമീഷണര്‍ നിര്‍ദ്ദേശിച്ചു. കക്കട്ടില്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ എ രാജന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കകം വിവരം ലഭ്യമാക്കാനും കമ്മീഷണര്‍ ഉത്തരവിട്ടു.

Similar News