157 പേര്‍കൂടി പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായി; മയക്കുമരുന്നിനെതിരായ യുദ്ധം തുടരുമെന്ന് മന്ത്രി എംബി രാജേഷ്

Update: 2025-05-10 08:52 GMT

തൃശൂര്‍: 157 പേര്‍കൂടി പരിശീലനം പൂര്‍ത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു. വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 84 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും 59 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 14 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് അക്കാദമിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ ബാച്ചാണ് ഇത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നതും ഇപ്രാവശ്യമാണ്. 84 ഓഫീസര്‍മാരില്‍ 14 പേര്‍ വനിതകളാണ്. അതിനു പുറമെയാണ് 14 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍. ആകെ 28 വനിതകള്‍ ഇന്ന് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സേന വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയും പേര്‍ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാനും കേരള എക്‌സൈസ് സേനയ്ക്ക് കഴിയുന്നു എന്ന് എല്ലാവരും അംഗീകരിക്കുന്ന സന്ദര്‍ഭമാണിതെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് സേനക്ക് ഈ വെല്ലുവിളികളെ നേരിടാന്‍ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്‌സൈസ് കമ്മീഷണര്‍ എഡിജിപി മഹിപാല്‍ യാദവിനെ മന്ത്രി അഭിനന്ദിച്ചു. കമ്മീഷണര്‍ എന്ന നിലയില്‍ വലിയ വെല്ലുവിളികള്‍ നേരിട്ട കാലഘട്ടത്തില്‍ എക്‌സൈസ് സേനയെ കാര്യക്ഷമമായി ശരിയായ വഴിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്നിന് എതിരായി ഒരു യുദ്ധം തന്നെ കേരളത്തില്‍ ഇന്ന് എക്‌സൈസും പോലീസും സമൂഹമാകെയും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കേരള എക്‌സൈസ് വഹിച്ചിട്ടുള്ള പങ്ക് വിലമതിക്കാനാവാത്തതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിശ്വാസം വന്‍തോതില്‍ ആര്‍ജിക്കാന്‍ എക്‌സൈസിന് കഴിഞ്ഞ കാലം കൂടിയാണിത്. ആ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞതുകൊണ്ട് കൂടിയാണ് വലിയ തോതിലുള്ള മയക്കുമരുന്ന് വേട്ട കേരള എക്‌സൈസിന് നടത്താന്‍ കഴിഞ്ഞത്. ജനങ്ങള്‍ നേരിട്ട് വിശ്വാസത്തോടെ എക്‌സൈസിന് വിവരങ്ങള്‍ കൈമാറുന്നു. വിവരം കൈമാറിയാല്‍ തങ്ങള്‍ക്ക് അപകടം വരില്ല എന്നുള്ള ഉറപ്പ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നു. വിവരം കൈമാറിക്കഴിഞ്ഞാല്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന ഉറപ്പും കൈവന്നിരിക്കുന്നു. അഭിമാനകരമായ സേവനമാണ് കേരള എക്‌സൈസ് സേന നിര്‍വഹിക്കുന്നത്. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അച്ചടക്കത്തോടെ സുരക്ഷിതരായി പ്രവര്‍ത്തിക്കാന്‍ ഈ സേനയ്ക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ എക്സൈസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എക്സൈസ് അക്കാദമി ഡയറക്ടര്‍ കെ പ്രദീപ്കുമാര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലേയും എക്സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിശീലനം പൂര്‍ത്തിയാക്കി എക്സൈസ് സേനയുടെഭാഗമായവര്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 64 ബിരുദധാരികളും, 29 ബിരുദാനന്തര ബിരുദധാരികളും 44 ബി ടെക് ബിരുദധാരികളും, ഒരു ബി എഡ് ബിരുദധാരിയും, നാല് എം ടെക് ബിരുദ ധാരികളും, നാല് ഡിപ്ലോമ ബിരുദധാരികളും, ഒരു എംസിഎ ബിരുദധാരിയും, ഒരു ബിഡിഎസ് ബിരുദധാരിയും ഉള്‍പ്പെടുന്നു.

Similar News