സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനം ജിദ്ദയില്‍ എത്തി; ലെഗേജ് നിയന്ത്രണം തുടരും

Update: 2025-05-10 09:09 GMT

കരിപ്പുര്‍: സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ് വിമാനം ജിദ്ദയില്‍. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ഥാടകരാണ് യാത്രയായത്. സൗദി സമയം പുലര്‍ച്ചെ 4.15ന് വിമാനം ജിദ്ദയിലിറങ്ങി.

ശനിയാഴ്ച വൈകിട്ട് 4.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തില്‍ 87 പുരുഷന്മാരും 86 സ്ത്രീകളും യാത്ര തിരിക്കും. മേയ് പതിനൊന്നിന് ഞായറാഴ്ച കോഴിക്കോടുനിന്നു മൂന്നും കണ്ണൂരില്‍നിന്ന് രണ്ടും വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തും. കോഴിക്കോടുനിന്നു പുലര്‍ച്ചെ 12.55നും രാവിലെ 8.50നും വൈകുന്നേരം 4.30നുമാണ് ഷെഡ്യൂള്‍. ഈ വിമാനങ്ങളിലേക്കുള്ള തീര്‍ഥാടകര്‍ ശനിയാഴ്ച യഥാക്രമം രാവിലെ പത്തിനും ഉച്ചക്ക് 2.30നും വൈകുന്നേരം 4.30നും ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യും. കണ്ണൂരില്‍നിന്ന് ആദ്യ വിമാനം ഞായറാഴ്ച പുലര്‍ച്ചെ നാലു മണിക്കും രണ്ടാമത്തെ വിമാനം രാത്രി 7.30നുമാണ് പുറപ്പെടുക.

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് എയര്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ഹജ് സര്‍വീസുകളില്‍ തീര്‍ഥാടകരുടെ ലെഗേജ് ഭാരത്തില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ മേയ് 12 തിങ്കളാഴ്ച വരെ തുടരും. ഈ പശ്ചാതലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് മേയ് 12 വരെയുള്ള എല്ലാ ഹജ് വിമാനങ്ങളിലും ലഗേജ് ഭാരം പരമാവധി 30 കിലോ മാത്രമേ അനുവദിക്കുകയുള്ളൂ. (15 കിലോയുടെ രണ്ടു ബാഗ് വീതം). ഹാന്‍ഡ് ബാഗേജിന്റെ ഭാരം പരമാവധി ഏഴു കിലോ ആയിരിക്കും.

Similar News