സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമം; കൊച്ചി സ്വദേശി കസ്റ്റംസ് പിടിയില്‍
സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമം; കൊച്ചി സ്വദേശി കസ്റ്റംസ് പിടിയില്‍
കൊച്ചി: കൊച്ചി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊച്ചി സ്വദേശി കസ്റ്റംസ് പിടിയിലായി. ഒരുകിലോയിലധികം വരുന്ന സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കവെ ആണ് പിടിയിലായത്. കൊച്ചി സ്വദേശിയാണെന്നല്ലാതെ ഇയാളുടെ പേര് വിവരങ്ങള്‍ ഡല്‍ഹി കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഈ യാത്രക്കാരനെ ഡല്‍ഹി കസ്റ്റംസാണ് പിടികൂടിയത്. ഇയാളുടെ ബാഗില്‍നിന്ന് ചെറിയ പൗച്ചുകളിലായിരുന്നു 94.16 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം.
ഈ യാത്രക്കാരന്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനാല്‍ വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ കാത്തുനിന്ന കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ സ്ഥിരം സ്വര്‍ണക്കടത്തുകാരനാണെന്നാണ് സൂചന. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്വര്‍ണം കൊണ്ടുവന്നതില്‍ ദുരൂഹതയുള്ളതിനാല്‍ ഇതിനുപിന്നിലെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇയാളെ വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിനുള്ളിലെത്തിച്ച് പരിശോധന നടത്തി. ബാഗില്‍ നിന്ന് നീലനിറത്തിലുള്ള നാല് ചെറിയ പൗച്ചുകളും പച്ച നിറത്തിലുള്ള രണ്ട് ചെറിയ പൗച്ചുകളും ലഭിച്ചു. ഇതിനുള്ളിലായിരുന്നു കുഴമ്പ് രൂപത്തിലാക്കിയ 1.1 കിലോ സ്വര്‍ണം. വിദേശത്തുനിന്നുള്ള സ്വര്‍ണമാണ് ഇതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് കൊച്ചിയിലെത്തിച്ച് ഡല്‍ഹിയിലേക്ക് കൊണ്ടുപോയതാകാം ഇതെന്നാണ് കരുതുന്നത്. പിടിയിലായ കൊച്ചി സ്വദേശി സാധാരണ 'കാരിയര്‍' മാത്രമല്ലെന്നാണ് സൂചന. ഇയാളില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുള്ള ചോദ്യം ചെയ്യലിലാണ് ഡല്‍ഹി കസ്റ്റംസ്.