പോലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ല; സിനിമാ മേഖലയിലെ ലഹരി ഇടപാടുകളില്‍ കടുത്ത നടപടികളിലേക്കു കടക്കുന്നതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

Update: 2025-05-11 06:26 GMT

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഇടപാടുകളില്‍ കടുത്ത നടപടികളിലേക്കു കടക്കുന്നതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്നറിയിപ്പ്. തീരെ ചെറിയ അളവില്‍ ലഹരി പിടിച്ചാലും പ്രത്യാഘാതം ശക്തമായിരിക്കും. അത്തരം സാഹചര്യം ഒഴിവാക്കാന്‍ സിനിമ സംഘടനകളുടെ ഭാരവാഹികള്‍ സഹകരിക്കണമെന്ന് എന്‍.സി.ബി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.പോലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ലെന്നും അറിയിച്ചു.

ലഹരി കുറഞ്ഞ അളവേയുള്ളൂ, ഊരിപ്പോരാം എന്ന് കരുതരുതെന്ന് യോഗത്തില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നല്‍കാന്‍ ഷൂട്ടിങ് സെറ്റുകളില്‍ എന്‍.സി.ബിയുടെ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. സിനിമാ സെറ്റുകളിലെഹരി ഉപയോഗം തടയാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. യോഗത്തില്‍ അമ്മയെ പ്രതിനിധീകരിച്ച് അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ജയന്‍ ചേര്‍ത്തല, അന്‍സിബ ഹസന്‍, ഫെഫ്കയെ പ്രതിനിധീകരിച്ച് സിബി മലയില്‍സോഹന്‍ സീനുലാല്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധിയായി അനില്‍ തോമസ്, ചേംബര്‍ പ്രതിനിധി മമ്മി സെഞ്ച്വറി, മാക്ടയ്ക്കു വേണ്ടി കോളിന്‍സ് ലിയോഫില്‍ എന്നിവര്‍ പങ്കെടുത്തു.

Similar News