മീന്‍ കച്ചവടത്തിനിടെ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെ ആക്രമണം; സിഐടിയു തൊഴിലാളിയായ ഷമീര്‍ കൊലക്കേസില്‍ ആറ്‌പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 13 ലക്ഷം രൂപ പിഴയും
ഷമീർ കൊലക്കേസ്: 6 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും പിഴയും
തൃശൂര്‍: സിഐടിയു തൊഴിലാളിയായിരുന്ന ഷമീറിനെ (നാച്ചു 39) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 13 ലക്ഷം രൂപ പിഴയും വിധിച്ചു. മീന്‍ കച്ചവടം നടത്തുന്നതിനിടെ പ്രതികളില്‍ മൂന്നു പേര്‍ ചേര്‍ന്ന് ഷമീറിനെ ആക്രമിക്കുക ആയിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷിഹാസ്, നവാസ്, സൈനുദ്ദീന്‍ എന്നിവര്‍ ഇതില്‍ പങ്കാളികളാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കാളത്തോട് വെട്ടുക്കപ്പറമ്പില്‍ ഷാജഹാന്‍ (50), വലിയകത്തു ഷബീര്‍ (30), പരീക്കുന്ന് അമല്‍ സാലിഹ് (31), വലിയകത്തു ഷിഹാസ് (40), കാട്ടുപറമ്പില്‍ നവാസ് (47), പോക്കാക്കില്ലത്ത് സൈനുദ്ദീന്‍ (51) എന്നിവരെയാണു ജില്ലാ സെഷന്‍സ് ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്.
2021 ഒക്ടോബര്‍ 22നു വൈകിട്ടു 3.30നു കാളത്തോട് പാര്‍പ്പിടം റോഡിലായിരുന്നു കൊലപാതകം. മാരകായുധങ്ങളുമായി ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ് എന്നിവര്‍ ഷമീറിനെ ആക്രമിക്കുകയായിരുന്നു. കോവിഡ് സമയത്തു ഷമീര്‍ മീന്‍വ്യാപാരം തുടങ്ങിയിരുന്നു. മീന്‍ വിതരണത്തിനായി പാര്‍പ്പിടം റോഡിനു സമീപത്തെത്തി സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. ഷിഹാസിന്റെ വീട്ടിലായിരുന്നു ഗൂഢാലോചന നടന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ഇതിനു തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി.
കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ ഭീഷണി ഉയര്‍ന്നതിനാല്‍ സ്‌പെഷല്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ വിഭാഗത്തിലേക്കു കേസ് മാറ്റിയാണു വിചാരണ പൂര്‍ത്തിയാക്കിയത്. കേസിന്റെ ആവശ്യത്തിനല്ലാതെ പ്രതികള്‍ ജില്ലയില്‍ പ്രവേശിക്കുന്നതു കോടതി വിലക്കുകയും ചെയ്തു. വിചാരണയുടെ ഘട്ടങ്ങളില്‍ സംഘര്‍ഷ സാഹചര്യം ഉണ്ടായതിന്റെ പേരില്‍ പ്രത്യേക സുരക്ഷാസേനയെ പൊലീസ് നിയോഗിച്ചിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍ കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.