വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് മൂന്ന് ലക്ഷം തട്ടി; സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയായ 28കാരി അറസ്റ്റില്‍
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് മൂന്ന് ലക്ഷം തട്ടി; 28കാരി അറസ്റ്റില്‍
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാര്‍ച്ചില്‍ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു
പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍, എസ്ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പല ആളുകളില്‍നിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പരില്‍ എറണാകുളം പോലീസ് സ്റ്റേഷനില്‍ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.