ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; 48-കാരന്‍ ചികിത്സയില്‍; കേരളത്തില്‍ ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസ്
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
എടത്വാ: ആലപ്പുഴ തലവടിയില്‍ കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി പുത്തന്‍പറമ്പില്‍ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഘുവിനെ വിശദമായി പരിശോധിച്ചപ്പോഴാണ് കോളറ സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ വിശദ പരിശോധന നടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രില്‍ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരന്‍ മരിച്ചിരുന്നു. കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.
വിവിധ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്. കോളറ ബാധിതനായ രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
കോളറ ഉറപ്പായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍നിന്നും മറ്റു ജല സ്രോതസ്സുകളില്‍നിന്നും വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി നേരത്തെ ശേഖരിച്ചിരുന്നു.
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. കടുത്ത വയറിളക്കം, ഛര്‍ദി, നിര്‍ജലീകരണം എന്നിവമൂലം സ്ഥിതി പെട്ടെന്നു മോശമാകാം.
ശരീരഭാരത്തിന്റെ പത്തു ശതമാനമോ അതില്‍ക്കൂടുതലോ കുറയുന്നത് ഗുരുതര നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കുടിക്കാന്‍ ശുദ്ധജലം മാത്രം ഉപയോഗിക്കുക, പല്ലുതേക്കാന്‍പോലും നല്ലവെള്ളം ഉപയോഗിക്കുക, പൂര്‍ണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിരോധമാര്‍ഗങ്ങള്‍. രോഗിയുടെ മലവിസര്‍ജത്തിലൂടെ ബാക്ടീരിയ പുറത്തുവരും. ഇതു വെള്ളത്തില്‍ കലര്‍ന്നാല്‍ പകര്‍ച്ചയ്ക്ക് ഇടയാക്കും.