പന്നിപ്പടക്കംവെച്ച് കാട്ടുപന്നിയെ കൊന്ന് കടത്താന്‍ ശ്രമം; കാര്‍ കുറുകേയിട്ട് അഭിഭാഷകനെ പിടികൂടി; കാട്ടുപന്നിയുടെ ജഡം കണ്ടെടുത്ത് വനംവകുപ്പ്

പന്നിപ്പടക്കംവെച്ച് കാട്ടുപന്നിയെ കൊന്ന് കടത്താന്‍ ശ്രമം; അഭിഭാഷകനെ പിടികൂടി

Update: 2025-05-14 12:28 GMT

പന്നിപ്പടക്കംവെച്ച് കാട്ടുപന്നിയെ കൊന്ന് കടത്താന്‍ ശ്രമം; കാര്‍ കുറുകേയിട്ട് അഭിഭാഷകനെ പിടികൂടി; കാട്ടുപന്നിയുടെ ജഡം കണ്ടെടുത്ത് വനംവകുപ്പ്കൊല്ലം: കാട്ടുപന്നിയെ പന്നിപ്പടക്കംവെച്ച് കൊന്ന് കാറില്‍ കടത്താനുള്ള ശ്രമത്തിനിടെ അഭിഭാഷകന്‍ വനംവകുപ്പിന്റെ പിടിയിലായി. പുനലൂര്‍ ബാറിലെ അഭിഭാഷകനായ ഭാരതീപുരം അജീഷ്ഭവനില്‍ അജിന്‍ലാലിനെയാണ് ഏഴംകുളം ഭാഗത്തുവെച്ച് വനപാലകര്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍നിന്ന് തല പൂര്‍ണമായി തകര്‍ന്നനിലയില്‍ കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തു.

അഞ്ചല്‍ റെയ്ഞ്ചിലെ മറവന്‍ചിറ ഏരൂര്‍ എണ്ണപ്പനത്തോട്ടത്തില്‍നിന്നാണ് അഭിഭാഷകന്‍ കാട്ടുപന്നിയെ വേട്ടയാടി കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ഇയാളുടെ കാറിന് കുറുകേ വനംവകുപ്പ് വാഹനം നിര്‍ത്തിയാണ് പിടികൂടിയത്.

കാറിന്റെ ഡിക്കിയിലാണ് കാട്ടുപന്നിയുടെ ജഡം സൂക്ഷിച്ചിരുന്നത്. പന്നിപ്പടക്കം ഉപയോഗിച്ചാണ് പ്രതി മൃഗവേട്ട നടത്തിയതെന്ന് വനംവകുപ്പ് അഞ്ചല്‍ റെയ്ഞ്ച് ഓഫീസര്‍ അജികുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, എസ്എഫ്ഒ. നൗഷാദ്, ബീറ്റ് ഫോറസ്റ്റര്‍ നിവരമണന്‍, ലക്ഷ്മി മോഹന്‍, ജെ.സി അഭയ്, പ്രതീഷ്, വാച്ചര്‍മാരായ വൈശാഖ്, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News