മഷിയുടെ കുറവ് കാരണം കമ്പ്യൂട്ടര്‍ ബില്ലുകള്‍ മാഞ്ഞുപോകുന്നുവെന്ന് പരാതി; വൈദ്യുതി ബോര്‍ഡിന്റെ ബില്ലുകളിലെ അത്യാവശ്യ വിവരങ്ങള്‍ മായാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
വൈദ്യുതി ബോര്‍ഡിന്റെ ബില്ലുകള്‍ മായാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തുന്ന തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത. ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്പ്യൂട്ടര്‍ വഴി പ്രിന്റ് ചെയ്ത് നല്‍കുന്ന ബില്ലിലെ അക്ഷരങ്ങള്‍ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കെ.എസ്.ഇ.ബി. യില്‍ നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ 75 ശതമാനം ഉപഭോക്താക്കളും പണമടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനമാണ് ആശ്രയിക്കുന്നതെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന റാങ്കിംഗില്‍ ഓണ്‍ലൈന്‍ പണമിടപാടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ ഇടപാട് പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ ഇടപെട്ടില്ല.
മഷിയുടെ കുറവ് കാരണമാണ് കമ്പ്യൂട്ടര്‍ ബില്ലുകള്‍ മാഞ്ഞുപോകുന്നതെന്ന പരാതിക്കാരന്റെ ആരോപണം ഗൗരവതരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് ഗൗരവമായെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ബോര്‍ഡ് സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. പെരുമണ്‍ സ്വദേശി ഡി. ദേബാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.