ഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി; തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ക്രമക്കേടിന് ഉദ്യോഗസ്ഥരുടെ പിന്തുണയും കിട്ടുന്നുണ്ടെന്ന് കെ സുരേന്ദ്രന്‍

ഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി

Update: 2025-05-15 12:23 GMT

കോഴിക്കോട്: പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തി ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്റെ പ്രസ്താവന ഗൗരവതരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

'ഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി. പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെയാണ് സിപിഎമ്മിന്റെ അവസ്ഥ. ബാലറ്റ് പേപ്പറുണ്ടായിരുന്നപ്പോള്‍ ഇതുപോലെയുള്ള കൃത്രിമങ്ങള്‍ കാണിച്ചും കള്ളവോട്ട് ചെയ്തുമാണ് സിപിഎം ജയിച്ചത്. അത് നടക്കാതെയായപ്പോഴാണ് അവര്‍ ഇവിഎമ്മിനെ എതിര്‍ത്തു തുടങ്ങിയത്.

കോണ്‍ഗ്രസും ഇതൊക്കെ തന്നെയായിരുന്നു ചെയ്തുവന്നത്. ഇവിഎം തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അവസാനിപ്പിച്ചതാണ് ഇന്‍ഡി മുന്നണിയെ അസ്വസ്ഥമാക്കുന്നത്. എന്നാല്‍ തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോഴും ക്രമക്കേട് നടത്തുന്നുണ്ട്. അതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ജി.സുധാകരന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണം. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധത തുറന്നു കാണിക്കുകയാണ് സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസ് എല്ലാ കാലത്തും അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്'- കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജി സുധാകരന്റെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു.അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥര്‍, ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുത്തു. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ജി സുധാകരന് കുരുക്കായത്.

Tags:    

Similar News