മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന പത്തൊന്‍പതുകാരി മരിച്ചു; സഹോദരി അതീവ ഗുരുതരാവസ്ഥയില്‍

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന പത്തൊന്‍പതുകാരി മരിച്ചു

Update: 2025-05-17 02:39 GMT

കൊല്ലം: കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പത്തൊന്‍പതുകാരി മരിച്ചു. തൃക്കോവില്‍വട്ടം ചേരിക്കോണം ചിറയില്‍വീട്ടില്‍ മുരളിയുടെയും ശ്രീജയുടെയും മകള്‍ എം. മീനാക്ഷിയാണ് മരിച്ചത്. സഹോദരി നീതു (17) അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച സഹോദരന്‍ അമ്പാടി (12) അപകടനില തരണംചെയ്തതായി ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

മീനാക്ഷിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ഏപ്രില്‍ 19-ന് അമ്പാടിക്കാണ് ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടത്. കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും കൊല്ലത്ത് ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

മകനെ പരിചരിക്കുന്നതിന് അച്ഛനും അമ്മയും ആശുപത്രിയിലായിരുന്ന സമയത്ത് വീട്ടില്‍ സഹോദരിമാര്‍മാത്രമായിരുന്നു. ഇതിനിടെയാണ് മീനാക്ഷിക്കും നീതുവിനും രോഗലക്ഷണങ്ങള്‍ കാണുന്നത്. ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെയാണ് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം താളംതെറ്റിയതോടെ ഇരുവരെയും അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ എട്ടോടെ മീനാക്ഷി മരിച്ചു.

Tags:    

Similar News