കൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലേക്ക് വരാനിരിക്കെ അപകട മരണം; മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും; രാവിലെ 11 മുതല്‍ പൊതുദര്‍ശനം; 12 ന് വീട്ടുവളപ്പില്‍ സംസ്‌കാരം
മസ്‌കറ്റില്‍ മരിച്ച കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും
കണ്ണൂര്‍ : നാലു ദിവസം മുന്‍പ് മസ്‌കറ്റിലെ താമസസ്ഥലത്ത് അപകടത്തില്‍ മരിച്ച കതിരൂര്‍ കോട്ടയം ആറാം മൈല്‍ സ്വദേശികളുടെ മൃതദേഹം മെയ് 21 ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ആറാം മൈല്‍ ടൗണില്‍ ഓട്ടോ റിക്ഷ സ്റ്റാന്‍ഡിന് പിന്‍വശത്തെ ജാന്‍ ഹൗസില്‍ വി. പങ്കജാക്ഷന്റെയും കെ.സജിതയുടെയും മൃതദേഹങ്ങളാണ് ബുധനാഴ്ച്ച കണ്ണുര്‍ വിമാനതാവള മാര്‍ഗം നാട്ടിലെത്തിക്കുന്നത്.
രാവിലെ 11 മുതല്‍ 11.30 വരെ ആറാം മൈല്‍ ടൗണിലെ ജാന്‍ കോംപ്ലക്‌സില്‍ പൊതു ദര്‍ശനത്തിനു ശേഷം 12ന് സമീപത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മാങ്ങാട്ടിടം കിരാച്ചി സ്വദേശിയായ പങ്കജാക്ഷനും ആറാം മൈല്‍ സ്വദേശിനിയായ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.സജിതയും ഏറെക്കാലമായി മസ്‌കത്തില്‍ വിവിധ കമ്പനികളില്‍ അക്കൗണ്ടന്റ്മാരായി ജോലി ചെയ്തു വരികയായിരുന്നു.
ഇവര്‍ താമസിച്ച കോംപ്ലക്‌സില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നാണ് ഇവര്‍ മരിച്ചത്. ഈക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഏറെക്കാലമായി മസ്‌കറ്റില്‍ സ്വകാര്യ കമ്പനി യില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ദമ്പതികള്‍. കൊട്ടിയൂര്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരിക്കെയാണ് അപകട മരണം.