കാലവര്‍ഷം കനത്തു, റെഡ് അലേര്‍ട്ട്: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; സ്‌പെഷല്‍ ക്ലാസുകള്‍ വയ്ക്കരുതെന്ന് നിര്‍ദേശം
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച (മേയ് 26) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൂളുകളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടര്‍മാര്‍ ഉത്തരവിട്ടു. 11 ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്-
കാസര്‍കോട്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ (മെയ് 26 2025 തിങ്കള്‍) ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതി തീവ്ര മഴ രേഖപ്പെടുത്തി.
കണ്ണൂര്‍-
കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നാളെ (മേയ് 26, തിങ്കളാഴ്ച) പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വയനാട്-
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, മദ്രസകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്കും , പി.എസ്. സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല
കോഴിക്കോട്-
നാളെ (മെയ് 26) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
മലപ്പുറം-
കനത്ത മഴ തുടരുന്നതിനാലും മെയ് 26 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മെയ് 26 ന്) ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
തൃശ്ശൂര്‍-
തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മെയ് 26 ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ് 26) ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ്സകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
എറണാകുളം-
ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (26) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
ഇടുക്കി-
ഇടുക്കി ജില്ലയില്‍ നാളെ (26) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്താന്‍ പാടില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളില്‍ അത്തരം കുട്ടികള്‍ അവധി മൂലം വീട്ടില്‍ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അങ്കണവാടി അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അങ്കണവാടി അധ്യാപകര്‍ക്ക് നല്‍കേണ്ടതുമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കും.
പത്തനംതിട്ട-
കനത്ത മഴയുടെ സാഹചര്യത്തില്‍ 26-05-2025 (തിങ്കളാഴ്ച) അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.