ദിവസങ്ങളായി വീട്ടില്‍ വൈദ്യുതി ഇല്ല; ജീവന്‍ നിലനിര്‍ത്താന്‍ ജനറേറ്ററിന്റെ സഹായംതേടി വീട്ടമ്മ
ദിവസങ്ങളായി വീട്ടില്‍ വൈദ്യുതി ഇല്ല; ജീവന്‍ നിലനിര്‍ത്താന്‍ ജനറേറ്ററിന്റെ സഹായംതേടി വീട്ടമ്മ
കോട്ടയം: കാറ്റിലും മഴയിലും ദിവസങ്ങളായി വൈദ്യുതിബന്ധം നിലച്ചതോടെ ജീവന്‍ നിലനിര്‍ത്താന്‍ ജനറേറ്ററിന്റെ സഹായംതേടി ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ. സൗത്ത് പാമ്പാടി കല്ലേപ്പുറം മടുക്കയ്ക്കല്‍ വീട്ടില്‍ റോസമ്മ വര്‍ഗീസ് (55)ആണ് ശ്വാസം നിലനിര്‍ത്താന്‍ രണ്ടുദിവസമായി ജനറേറ്റര്‍ വാടകയ്ക്ക് എടുത്തത്. ശ്വാസകോശം ചുരുങ്ങുന്ന അസുഖത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ഇവര്‍ ചികിത്സയിലാണ്. ആറ് മാസമായി വീട്ടില്‍ ഓക്‌സിജന്‍ സിലിണ്ടര്‍വെച്ച് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
മൂത്ത സഹോദരിയോടൊപ്പമാണ് ഇവരുടെ താമസം. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മഴയും കാറ്റും മൂലം മരംവീണും പോസ്റ്റ് ഒടിഞ്ഞും പ്രദേശത്ത് വൈദ്യുതിനിലച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്കുള്ള വൈദ്യുതി നിലച്ചതോടെ ശ്വസനസഹായ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. തിങ്കളാഴ്ച രാവിലെ പാമ്പാടി ഗ്രാമപ്പഞ്ചായത്ത് 11-ാം വാര്‍ഡ് അംഗം സുനിതാ ദീപുവിന്റെ സഹായത്തോടെ ജനറേറ്റര്‍ വീട്ടിലെത്തിച്ചാണ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകിയും ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായില്ല. ചാണ്ടി ഉമ്മന്‍ എംഎല്‍എ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.