രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍; ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണം; നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രോഗികള്‍ മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
രോഗികള്‍ മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോള്‍ ആശുപത്രിയില്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
വ്യാപകമായ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതല്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകള്‍ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രായമുള്ളവര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ ദയവായി പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു. മറ്റ് രോഗങ്ങളുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനവും ഒഴിവാക്കണം.
ആഗോളതലത്തില്‍ കോവിഡ് കേസുകളില്‍ ചെറിയതോതില്‍ വര്‍ധനവ് കണ്ടപ്പോള്‍ തന്നെ മന്ത്രിതല യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. അന്നുമുതല്‍ തന്നെ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കുറച്ച് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.