'കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇടത് സ്ഥാനാര്‍ഥിക്കുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി; നാളെയും കിട്ടിയില്ലെങ്കില്‍ മറ്റെന്നാളും തുടരും'; പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

പരിഹസിച്ച് പി.കെ അബ്ദുറബ്ബ്

Update: 2025-05-28 12:52 GMT

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി. തെരച്ചില്‍ നാളെ വീണ്ടും തുടരും. നാളെയും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ മറ്റെന്നാളും തുടരുമെന്നാണറിയുന്നതെന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരിഹാസം.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതേ സമയം പഴയ സാധനങ്ങള്‍ വില്‍ക്കാന്‍ വെക്കുന്ന ഒ എല്‍ എക്‌സ് (OLX) ആപ്പില്‍ സിപിഐഎം ആളെ തിരയുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പടികൂടി കടന്ന് ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വെല്ലുവിളി. ബലിയാടിനെ തിരയുന്നെന്നും പരിഹാസം.

പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ സിപിഐഎം ഇന്നലെ നിലമ്പൂരില്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാര്‍ട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവരുടെ പേര് ചര്‍ച്ചയിലുണ്ട്.

Similar News