അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം; എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: കേരളം അതീവ ജാഗ്രതയില്‍
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ശക്തമായ കാറ്റും മിന്നലും മഴയ്ക്കൊപ്പം പ്രവചിക്കുന്നു. മണിക്കൂറില്‍ 50 60 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തണം.
എല്ലാ ജില്ലകളിലും ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും നാളെയും ലക്ഷദ്വീപ് തീരത്ത് 3 വരെയും മീന്‍പിടിത്തം പാടില്ല. കേരള തീരത്ത് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ കടലാക്രമണസാധ്യതയുള്ള മേഖലകള്‍ (റെഡ് അലര്‍ട്ട്): കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ (തിരുവനന്തപുരം), ആലപ്പാട്ഇടവ (കൊല്ലം), ചെല്ലാനം അഴീക്കല്‍ ജെട്ടി (ആലപ്പുഴ), മുനമ്പം മറുവക്കാട് (എറണാകുളം), ആറ്റുപുറം കൊടുങ്ങല്ലൂര്‍ (തൃശൂര്‍).
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ 8 പേര് മരിച്ചു. 4 പേരെ കാണാതായി. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴയാണ് അതിതീവ്രമഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിംഗ് സെഷനുകള്‍ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 31ന് (ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.