ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കില്‍ ഇടിച്ചു; 17കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കില്‍ ഇടിച്ചു
കുമളി: ഇടുക്കി അണക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലന്‍ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലേക്ക് തൊഴിലാളികളുമായി പോകുന്ന ജീപ്പും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അണക്കര ചെല്ലാര്‍കോവില്‍ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരായ കുട്ടികള്‍ റോഡിലേക്ക് തെറിച്ച് വീണു. ഉടന്‍തന്നെ ഇരുവരെയും ആംബുലന്‍സില്‍ പുറ്റടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്‍മേട് പോലീസ് സംഭവത്തില്‍ കേസെടുത്തു.