മധ്യപ്രദേശില്‍ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്; വ്യാജ ബാങ്കിനെ പൂട്ടിച്ച് മലയാളി ഉദ്യോഗസ്ഥന്: സാഗര്‍ ജില്ലയിലെ വ്യാജ ബാങ്ക് പൂട്ടിച്ചത് അതിരമ്പുഴ സ്വദേശി അരുണ്‍ അശോകന്
മധ്യപ്രദേശില്‍ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്; വ്യാജ ബാങ്കിനെ പൂട്ടിച്ച് മലയാളി ഉദ്യോഗസ്ഥന്:
കോട്ടയം: മധ്യപ്രദേശില്‍ എസ്ബിഐയുടെ പേരില്‍ വ്യാജ കൊച്ചി ബ്രാഞ്ച്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ പോയ വ്യാജ ബാങ്കിനെ പൂട്ടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥന്. മധ്യപ്രദേശ് സാഗര്‍ ജില്ലയിലെ മക്രോനിയ മുനിസിപ്പല്‍ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലില്‍ പോലിസുമായി എത്തി എസ്ബിഐ ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. 'യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള' എന്ന പേരില്‍ മക്രോനിയ റെയില്‍വേ സ്റ്റേഷന് റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗര്‍ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ജോലി നോക്കുന്ന അതിരമ്പുഴ സ്വദേശി അരുണ്‍ അശോകാണ് വ്യാജ ബാങ്ക് കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന അരുണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ 'ബാങ്ക്' കാണുന്നത്. നേരത്തേ എസ്ബിഐയിലാണ് അരുണ്‍ ജോലി ചെയ്തിരുന്ന അരുണിന് ബാങ്ക് കണ്ടതോടെ സംശയമായി. പഴകിയ കെട്ടിടത്തിലായിരുന്നു 'ബ്രാഞ്ച്.' ഫോണില്‍ ലൊക്കേഷന്‍ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ്.ഹൃഷികേശിന് അയച്ചു.
എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാര്‍ക്കായ ഹൃഷികേശ് എസ്ബിഐ ഓഫിസേഴ്സ് അസോസിയേഷന് (എസ്ബിഐഒഎ) ഭാരവാഹികള്‍ക്കു ചിത്രം കൈമാറി. എസ്ബിഐഒഎ സംസ്ഥാന ഭാരവാഹികള്‍ ഭോപാലിലെ അസോസിയേഷന് നേതാക്കളെ ബന്ധപ്പെടുകയും അവരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ എസ്ബിഐയുടെ ഔദ്യോഗിക ലോഗോയോടു സമാനമായ ലോഗോ, സാലറി സ്ലിപ്പുകള്‍, വ്യാജ രേഖകള്‍ എന്നിവ കണ്ടെടുത്തു.
അതേസമയം പരിശോധനയില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ നിലവില്‍ അറസ്റ്റ് നടന്നിട്ടില്ലെന്നും ഭോപാലിലെ എസ്ബിഐഒഎ ഭാരവാഹികള്‍ കേരള ഭാരവാഹികളെ അറിയിച്ചു. പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചു. വ്യാജ സാലറി സ്ലിപ്പുകള്‍ കണ്ടെത്തിയതിനാല്‍ തൊഴില്‍ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ അന്വേഷണവും ആരംഭിച്ചു.