സെക്കന്‍ഡില്‍ ഒഴുകി എത്തുന്നത് 5350 ഘനയടി വെള്ളം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.65 അടി പിന്നിട്ടു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.65 അടി പിന്നിട്ടു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.65 അടി പിന്നിട്ടു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലപ്പെട്ടെങ്കിലും നീരൊഴുക്ക് ശക്തമാണ്. നിലവിലെ റൂള്‍കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്നാടിന് കഴിയുക 136 അടിവരെ വെള്ളമാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമായാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
ബുധനാഴ്ചത്തെ കണക്കുപ്രകാരം അണക്കെട്ടിലേയ്ക്ക് സെക്കന്‍ഡില്‍ 5350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്നാട് സെക്കന്‍ഡില്‍ 1800 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞവര്‍ഷം അണക്കെട്ടില്‍ ഈ സമയം 116.6 അടി വെള്ളമാണുണ്ടായിരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 15 അടി വെള്ളം അണക്കെട്ടില്‍ കൂടുതലാണ്.
72 അടി പരമാവധി സംഭരണശേഷിയുള്ള തമിഴ്നാടിന്റെ വൈഗ അണക്കെട്ടില്‍ 62.3 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തി പ്രാപിച്ചാല്‍ തമിഴ്നാട് കൂടുതല്‍ജലം വൈഗ അണക്കെട്ടിലേയ്ക്ക് കൊണ്ടുപോയി ജലനിരപ്പ് 136 അടിയ്ക്ക് താഴെ നിര്‍ത്താനാണ് ശ്രമം നടത്തുക. ക്രമാതീതമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്ന് അണക്കെട്ട് തുറക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാല്പോലും നിലവില്‍ പെരിയാര്‍ തീരദേശവാസികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.