കൗണ്‍സലിങ്ങിനെത്തിയ 14 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അറുപത്തൊന്നുകാരനായ ഡോക്ടര്‍ അറസ്റ്റില്‍
കൗണ്‍സലിങ്ങിനെത്തിയ 14 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അറുപത്തൊന്നുകാരനായ ഡോക്ടര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കൗണ്‍സലിങ്ങിനെത്തിയ 14 വയസ്സുകാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ട് ഹോമിയോ ഡോക്ടറുമായ വിശാഖകുമാറിനെ (61) ആണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാര്‍ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. വിശാഖ്കുമാര്‍ ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ ആസ്പത്രികളില്‍ ജോലിചെയ്തിരുന്നു. കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിന് സമീപം ചര്‍ച്ച് റോഡിലെ വീട്ടില്‍ കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
2023 ഡിസംബറിലാണ് സംഭവം. രണ്ടുതവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അടുത്തിടെ സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി രണ്ടുവര്‍ഷം മുന്‍പ് നടന്ന പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ചന്തേര പോലീസിന് വിവരം കൈമാറി. പോക്സോ വകുപ്പുകള്‍ക്ക് പുറമേ സംരക്ഷണം ഒരുക്കേണ്ടവര്‍തന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.