ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന; റെയില്‍വേ സ്റ്റേഷനില്‍ പ്രസവമെടുത്ത് അമ്മയ്ക്കും കുഞ്ഞിനും തണലായി ആര്‍മി ഡോക്ടര്‍

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന; റെയില്‍വേ സ്റ്റേഷനില്‍ പ്രസവമെടുത്ത് ആര്‍മി ഡോക്ടര്‍

Update: 2025-07-07 02:14 GMT

ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി റെയില്‍വേ സ്റ്റേഷനില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കിടെ പ്രസവവേദന വന്ന യുവതിയെ ഝാന്‍സി സ്റ്റേഷനിലിറക്കുകയും റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍വെച്ച് പ്രസവം നടക്കുകയും ആയിരുന്നു. കുഞ്ഞിനും അമ്മയ്ക്കും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആര്‍മി ഡോക്ടര്‍ പരിചരണം നല്‍കി.

ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടറായ മേജര്‍ രോഹിതാണ് സ്ത്രീക്ക് ശനിയാഴ്ച അടിയന്തര വൈദ്യസഹായം നല്‍കിയത്. പന്‍വേല്‍-ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടന്ന് പ്രസവ വേദന അനുഭപ്പെട്ട സ്ത്രീയെ ഝാന്‍സി സ്റ്റേഷനില്‍ ഇറക്കുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വൈദ്യസഹായത്തിനായി വീല്‍ചെയിറില്‍ യുവതിയെ വനിതാ ടിടിഇ കൊണ്ടുപോകുമ്പോഴാണ് യുവതിയുടെ വേദന അസഹ്യമായത്. തുടര്‍ന്നാണ് ഡോക്ടറുടെ അടിയന്തര ഇടപെടലില്‍ പ്രസവം നടന്നത്.

31കാരനായ ഡോക്ടര്‍ ഹൈദരാബാദിലേക്കുള്ള ട്രെയിനിനായി കാത്തുനില്‍ക്കുമ്പോാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മേജര്‍ രോഹിത് കയ്യില്‍ ഉണ്ടായിരുന്ന ക്ലിനിക്കല്‍ ഉപകരണങ്ങളുമായി സ്ത്രീയുടെ പ്രസവമെടുക്കുകയായിരുന്നു. പ്രസവസ്ഥലം ഒരു മുണ്ടുകൊണ്ട് മറച്ചാണ് ഡോക്ടര്‍ പ്രസവമെടുത്തത്. സ്റ്റേഷനിലുണ്ടായിരുന്ന റെയില്‍വേ, ടിക്കറ്റിങ് ജീവനക്കാരുടെ സഹായവും അദ്ദേഹത്തിന് ലഭിച്ചു. പ്രസവശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും മാറ്റി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News