ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം യുവതി താമസിച്ചത് ആറ് ദിവസം; വീട്ടിലെ ദുര്‍ഗന്ധം എലി ചത്ത മണമെന്ന് കരുതി: മരണ വിവരം അറിയുന്നത് മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചിരുന്ന മകനെത്തി പരിശോധിച്ചപ്പോള്‍
ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം യുവതി താമസിച്ചത് ആറ് ദിവസം; വീട്ടിലെ ദുര്‍ഗന്ധം എലി ചത്ത മണമെന്ന് കരുതി
കോയമ്പത്തൂര്‍: ഭര്‍ത്താവ് മരിച്ചുകിടക്കുകയാണെന്ന് അറിയാതെ ഭാര്യ അതേവീട്ടില്‍ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂര്‍ ഉക്കടം കോട്ടൈപുതൂര്‍ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുല്‍ ജബ്ബാര്‍ (48) ആണു മരിച്ചത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ എലി ചത്ത മണമാകുമെന്നാണ് ഇവര്‍ കരുതിയത്. വീട്ടില്‍നിന്നു ദുര്‍ഗന്ധമുയരുന്നതായി അയല്‍വാസികള്‍ പരാതി പറഞ്ഞപ്പോള്‍ മുത്തശ്ശിയുടെ വീട്ടില്‍ താമസിച്ചിരുന്ന മകന്‍ എത്തി പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
ഉടന്‍തന്നെ വിവരം പോലിസില്‍ അറിയിച്ചു. ബിഗ് ബസാര്‍ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന് അഞ്ചാര് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ജോലിക്കൊന്നും പോകാത്ത അബ്ദുല്‍ ജബ്ബാര്‍ മദ്യപനായിരുന്നു. മനോദൗര്‍ബല്യമുള്ള ഭാര്യ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. ചെറിയ വീടായിരുന്നതിനാല്‍ സമീപത്തെ മുത്തശ്ശിയുടെ വീട്ടിലാണ് ഇവരുടെ മകനും മകളും താമസിച്ചിരുന്നത്. ശനിയാഴ്ച വീട്ടില്‍ നിന്നു ദുര്‍ഗന്ധമുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്നു മകന്‍ എത്തി പരിശോധിച്ചിരുന്നു. എലി ചത്ത മണമായിരിക്കുമെന്ന് അമ്മ പറയുകയും അബ്ദുല്‍ ജബ്ബാര്‍ കിടക്കയില്‍ ഉറങ്ങിക്കിടക്കുന്നതു കാണുകയും ചെയ്തതോടെ മകന്‍ തിരിച്ചു പോയി.
എന്നാല്‍ ഞായറാഴ്ച ദുര്‍ഗന്ധം കൂടിയതോടെ അയല്‍ക്കാര്‍ വീണ്ടും മകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കിടക്കയിലുള്ള പിതാവിന്റെ ശരീരത്തില്‍ നിന്നാണു ദുര്‍ഗന്ധമെന്നു മനസ്സിലായത്. തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അമിത മദ്യപാനം മൂലം മരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.