അറ്റകുറ്റപ്പണിക്ക് കൊണ്ടു പോകുന്നതിനിടെ ബൈക്കിന് തീ പിടിച്ചു; യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റു
ബൈക്കിന് തീപിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു
അടൂര്‍: ബൈക്കിന് തീപിടിച്ച് യാത്രക്കാരന് പൊള്ളലേറ്റു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് പ്രീതാഭവനത്തില്‍ രാജന്‍(58)നാണ് അന്‍പത് ശതമാനത്തോളം പൊള്ളലേറ്റത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വച്ചാണ് സംഭവം. കൊടുമണ്ണില്‍ നിന്നും പറക്കോട് ഭാഗത്തുള്ള വര്‍ക്ക്ഷോപ്പിലേക്ക് ബൈക്കിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനു വേണ്ടി പോകുകയായിരുന്നു രാജന്‍.
പെട്ടെന്ന് തീപിടിച്ചതിനാല്‍ രാജന് ബൈക്കില്‍ നിന്നും ഉടന്‍ ഇറങ്ങാന്‍ സാധിച്ചില്ല. ഇതാണ് രാജന് പൊള്ളലേക്കാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റ രാജനെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. മണിയമ്മയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.