കുടമറയാക്കി പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ തിരിച്ചറിഞ്ഞ് പോലിസ്
കുടമറയാക്കി പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു; പ്രതിയെ തിരിച്ചറിഞ്ഞ് പോലിസ്
നീലേശ്വരം: ആളുകള്‍ നോക്കിനില്‍ക്കെ നീലേശ്വരം രാജാറോഡിലെ വിഷ്ണു ഏജന്‍സീസ് പെട്രോള്‍ പമ്പില്‍നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്ന് കള്ളന്‍. നീല ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ ആളാണ് കുട മറയാക്കി മേശവലിപ്പില്‍നിന്ന് പണം കൈക്കലാക്കി കടന്നത്. വ്യാഴാഴ്ച വൈകിട്ട് 6.45-ഓടെയാണ് സംഭവം. നടന്നുവന്ന പ്രതിയുടെ കൈയില്‍ പ്ലാസ്റ്റിക് കവറുണ്ടായിരുന്നു. പെട്രോള്‍ വാങ്ങാന്‍ എത്തിയതാകുമെന്നാണ് ജീവനക്കാര്‍ കരുതിയത്.
എന്നാല്‍ പമ്പിലെ മേശയ്ക്കരികില്‍ നിന്ന ഇയാള്‍ വലിപ്പില്‍നിന്ന് പണവുമായി കടന്നുകളയുകയായിരുന്നു. അക്കൗണ്ടന്റ് സ്ഥലത്തെത്തിയപ്പോഴാണ് പണം മോഷണം പോയ വിവരമറിയുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി മേശവലിപ്പില്‍ വെച്ചശേഷം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു അക്കൗണ്ടന്റായ രാജേഷ്. പണം കാണാതായതോടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവ് ഇരിട്ടി ചളിയന്‍തോട്ടിലെ കുരുവി സജു എന്ന സജീവനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ്, എസ്‌ഐമാരായ കെ.വി.രതീശന്‍, സുഗുണന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദിലിഷ് പള്ളിക്കൈ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.