മുന്‍പോട്ടെടുത്ത ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി: കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി

മുന്‍പോട്ടെടുത്ത ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു; വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി

Update: 2025-07-12 00:21 GMT

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ മുന്‍പോട്ടെടുത്ത ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചു വീണു. വിദ്യാര്‍ഥിനി വീഴുന്നത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയതായി നാട്ടുകാര്‍ ആരോപിച്ചു. അതേസമയം വിദ്യാര്‍ഥിനി പരുക്കുകളൊന്നും കൂടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ആനിത്തോട്ടം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി സ്‌റ്റോപ്പില്‍ ബസ് ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി തെറിച്ച് ബസിന്റെ സൈഡിലേക്ക് വീഴുകയുമായിരുന്നു. ചക്രത്തിനടിയില്‍പ്പെടാതെ ഭാഗ്യം കൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ബസ് സ്റ്റോപ്പിലെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഓടുന്ന ബസില്‍ നിന്നും കുട്ടി തെറിച്ച് വീഴുന്നതും ബസ് നിര്‍ത്താതെ പോകുന്നതും കാണാം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയില്‍ എന്ന പേരുള്ള സ്വകാര്യ ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചു വീണത്.

സംഭവത്തിനു ശേഷം ബസ് നിര്‍ത്താനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാര്‍ തയാറായില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മേഖലയിലെ ഒരു ആശ്രമത്തില്‍ താമസിച്ചു കാഞ്ഞിരപ്പള്ളി ടൗണിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Tags:    

Similar News