'അവള്‍ കാമുകനുമായി പലതവണ ഒളിച്ചോടി; ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണ്'; വിവാഹ മോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച് യുവാവിന്റെ 'ആഘോഷം'
വിവാഹ മോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച് യുവാവിന്റെ 'ആഘോഷം'
ദിസ്പുര്‍: വിവാഹ മോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച് യുവാവിന്റെ 'വേറിട്ട ആഘോഷം'. ലോവര്‍ അസമിലെ നല്‍ബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പാലില്‍ കുളിച്ചത്. നാലു ബക്കറ്റ് പാലാണ് ഇതിനായി മാനിക് അലി ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണെന്ന് പറഞ്ഞുക്കൊണ്ടാണ് യുവാവ് പാലില്‍ കുളിച്ചത്. അവള്‍ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാന്‍ മിണ്ടാതെയിരുന്നു. അഭിഭാഷകന്‍ വിവാഹമോചനം നിയമപരമായി പൂര്‍ത്തിയായതായി തന്നെ അറിയിച്ചു, അതിനാല്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ താന്‍ പാലില്‍ കുളിക്കുന്നു. മാനിക് അലി വീഡിയോയില്‍ പറയുന്നു.
ദമ്പതികള്‍ പരസ്പരം സമ്മതത്തോടെ നിയമപരമായി വിവാഹം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് യുവതി രണ്ട് തവണയെങ്കിലും ഒളിച്ചോടിയിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.