ഫോണിൽ സംസാരിച്ച് നിൽക്കവേ കുരച്ചു കൊണ്ട് എടുത്തുചാടി; ഓടിമാറാൻ പോലും പറ്റിയില്ല; ഹരിപ്പാട് തെരുവുനായ ആക്രമണം; വയോധികക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹരിപ്പാട്: കണ്ടല്ലൂർ പുതിയവിള ഓണമ്പള്ളി ജങ്ഷനു സമീപം തെരുവുനായയുടെ ആക്രമണത്തിൽ 69-കാരിയായ വയോധികക്ക് സാരമായി പരിക്കേറ്റു. ചാലുംമാട്ടേൽ ചിറയിൽ വീട്ടിൽ ഓമനയെയാണ് വീടിന്റെ അടുക്കള വാതിലിന് സമീപം വെച്ച് നായ ആക്രമിച്ചത്. ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഓമനയെ ഓടിവന്ന നായ കടിക്കുകയായിരുന്നു.
പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഓമനയുടെ കൈത്തണ്ടയ്ക്കും വിരലുകൾക്കും കാലിനും കടിയേറ്റു. ഉടൻതന്നെ ഇവരെ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രതിരോധ കുത്തിവെയ്പ്പും പ്രാഥമിക ചികിത്സയും നൽകി. തുടർന്ന്, ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. തെരുവുനായകളുടെ പെരുപ്പം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.